കൊടുമൺ: പത്തനംതിട്ട, കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതകളിലൊന്നായ കൊടുമൺ-കടമ്പനാട്-ഐവർകാല പാതയുടെ ഭാഗമായ കൊടുമൺ-പറക്കോട് റോഡ് തകർന്ന നിലയിൽ. നാല് കിലോമീറ്റർ ദൂരം വരുന്ന റോഡിൽ കുഴിയില്ലാത്ത അര കിലോമീറ്റർ ഭാഗം പോലുമില്ല. ഇതുമൂലം ഇതുവഴിയുള്ള യാത്ര ഏറെ ദുരിതപൂർണമായിരിക്കുകയാണ്. മഴക്കാലത്ത് റോഡിലെ കുഴികളിൽ വെള്ളക്കെട്ട് നിറഞ്ഞ നിലയിലാണ്. ബൈക്ക് യാത്രക്കാരെയാണ് ഇതേറെ ബുദ്ധിമുട്ടിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് റോഡ് വീതികൂട്ടി ടാർ ചെയ്തതാണ്. പിന്നീട് അറ്റകുറ്റപ്പണികൾ ഒന്നും നടത്തിയിട്ടില്ല.

കൊടുമൺ, അങ്ങാടിക്കൽ, വള്ളിക്കോട്, ചന്ദനപ്പള്ളി, ഇടത്തിട്ട, വാഴമുട്ടം തുടങ്ങിയ സ്ഥലങ്ങളിൽനിന്ന്‌ പറക്കോട്‌ അനന്തരാമപുരം ചന്തയിലേക്ക് പോകാനുള്ള പ്രധാന റോഡാണിത്. റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട്‌ നിരവധി തവണ പ്രദേശവാസികൾ അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല.