പത്തനംതിട്ട: സി.പി.ഐ.യുടെ നിയമസഭാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ സി.പി.എമ്മിനെതിരേയും വിമർശനം.

അടൂരിലെ ഏറത്ത് പഞ്ചായത്തിൽ എൽ.ഡി.എഫ്. പിന്നിൽപോയത് ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ടിൽ സി.പി.എമ്മിനെതിരേയുള്ള ഒളിയമ്പ്. ജില്ലയിൽ സി.പി.ഐ.സ്ഥാനാർഥി മത്സരിച്ചത് അടൂർ മണ്ഡലത്തിലാണ്. ഏറത്ത് മേഖലയിലെ സി.പി.എമ്മിന്റെ ആഭ്യന്തര പ്രശ്‌നങ്ങൾ ഇടതുസ്ഥാനാർഥിക്ക്‌ ലഭിക്കേണ്ടിയിരുന്ന വോട്ടുകളിൽ ഇടിവുണ്ടാക്കിയതായി റിപ്പോർട്ടിൽ പരാമർശമുണ്ട്.

ഇൗ പഞ്ചായത്തിൽ യു.ഡി.എഫ്. സ്ഥാനാർഥി ലീഡുനേടി. സി.പി.എം. ജില്ലാ നേതൃത്വത്തിന് കാര്യമായി ഒന്നുംചെയ്യാൻ കഴിയുമായിരുന്നില്ലെന്നും തിരഞ്ഞെടുപ്പ് അവലോകനം വ്യക്തമാക്കുന്നു. അതേസമയം, അടൂരിൽ പൊതുവിൽ മുന്നണിയുടെ പ്രവർത്തനം അടുക്കും ചിട്ടയോടുംകൂടിയുളളതായിരുന്നുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

ചിറ്റയത്തെപ്പറ്റിയും പരാമർശം

അടൂരിൽ സി.പി.ഐ.ക്കായി വീണ്ടും രംഗത്തിറങ്ങിയ ചിറ്റയം ഗോപകുമാറിനെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. തുടർച്ചയായ മൂന്നാംതവണയാണ് ചിറ്റയം മത്സരത്തിനിറങ്ങിയത്. 2016-ലെ തിരഞ്ഞെടുപ്പിൽ കിട്ടിയ വൻഭൂരിപക്ഷവും ആത്മവിശ്വാസം കൂട്ടിയിരുന്നു. എം.എൽ.എ. എന്നനിലയിൽ ചിറ്റയം ഗോപകുമാറിന്റെ പ്രവർത്തനങ്ങൾ മുൻകാലത്തെപ്പോലെ ആയിരുന്നില്ല.

‘സി.പി.ഐ.യും സി.പി.എമ്മും നല്ല യോജിപ്പോടെ കഠിനാധ്വാനം ചെയ്തതിനാലാണ് അടൂരിൽ ഇത്തവണ ജയിക്കാൻ കഴിഞ്ഞത്,’- പാർട്ടിയുടെ അവലോകന റിപ്പോർട്ടിൽ ചിറ്റയത്തെപ്പറ്റിയുള്ള പരാമർശം ഇത്തരത്തിലാണ്.

ദളിത് ഐക്യവേദിയുടെ പ്രവർത്തനവും ബി.ജെ.പി.യുടെ വോട്ടുചോർച്ചയും യു.ഡി.എഫിന് സഹായകമായെന്നും അത് എൽ.ഡി.എഫിന്റെ ഭൂരിപക്ഷത്തെ ബാധിച്ചെന്ന വിലയിരുത്തലും റിപ്പോർട്ടിലുണ്ട്.

ആലോചിച്ചില്ല

സി.പി.എം.സ്ഥാനാർഥി കെ.യു.ജനീഷ് കുമാർ മത്സരിച്ച കോന്നിയിൽ ഏകപക്ഷീയ നിലപാടാണുണ്ടായതെന്ന കുറ്റപ്പെടുത്തലുമുണ്ട്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെക്കുറിച്ച് ഘടകകക്ഷികളുമായി ആലോചിക്കാനോ, നടപ്പാക്കാനോ സി.പി.എം. തയ്യാറായില്ല.

കോൺഗ്രസിലെ തമ്മിൽത്തല്ലും ബി.ജെ.പി.ക്കുണ്ടായ വോട്ടുചോർച്ചയും കോന്നിയിൽ എൽ.ഡി.എഫിന് സഹായകരമായതായും റിപ്പോർട്ട് വിലയിരുത്തുന്നു.

content highlights: Kerala assembly election 2021 - CPI Election Analysis report in adoor