കവിയൂർ: പുനരുദ്ധാരണം നടക്കുന്ന തോട്ടഭാഗം- ചങ്ങനാശ്ശേരി പാതയിൽ പുറമ്പോക്ക് കണ്ടെത്തുന്നതിന് സർവേ തുടങ്ങി. ആഞ്ഞിലിത്താനംമുതൽ തോട്ടഭാഗംവരെയുള്ള ഭാഗങ്ങളിലാണ് സർവേ. വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട് വസ്തു വേണ്ട ഭാഗങ്ങളിലാണ് സർവേ. ഇതിനുശേഷം ഇവ നോട്ടീസ് നൽകി ഏറ്റെടുക്കും. പായിപ്പാടുമുതൽ പെരുന്നവരെയുള്ള ഭാഗങ്ങളിലും ഇതിനായി അടയാളമിട്ടു. ഇവിടത്തെ സർവേ നടപടികൾ ശനിയാഴ്ച തുടങ്ങും.
തോട്ടഭാഗംമുതൽ പായിപ്പാട് വരെ വീതികൂട്ടുന്നതിന്റെ പണികളാണ് അഞ്ചുമാസത്തോളമായി ഇഴഞ്ഞുനീങ്ങുന്നത്. ഭൂമി വിട്ടുകിട്ടാനുള്ള കാലതാമസമാണ് ഇതിന് കാരണം. ഇതുവരെ സ്വമേധയാ ഭൂമിവിട്ടുകൊടുത്തവരുടെ സ്ഥലമെടുത്താണ് വീതി കൂട്ടിയത്. ഇവിടെ ഓടകൾ തീർത്ത പാതയിൽ മെറ്റലും നിരത്തി.
പതിനഞ്ചോളം വസ്തു ഉടമകൾ ഇനിയും ഭൂമിവിട്ടുനൽകാനുണ്ട്. ഇതുമൂലം തോട്ടഭാഗംമുതൽ കവിയൂർവരെ ചിലയിടങ്ങളിലെ പണികൾ നടത്താൻ കഴിഞ്ഞിട്ടുള്ളൂ. വസ്തു വിട്ടുനൽകിയവരുടെ ഭാഗങ്ങൾ ഒഴിവാക്കിയാണ് സർവേ. ഞാലിയിൽ ക്ഷേത്രത്തിന്റെ അലങ്കാരഗോപുരം ഉൾപ്പെടെയുള്ള സ്ഥലം ഇതിനായി കഴിഞ്ഞ ദിവസം നൽകി. പണികൾ പൂർത്തിയാകതെ കിടക്കുന്നത് കാരണം വീതിയെടുത്ത ഭാഗങ്ങൾ മഴയത്ത് ചെളിക്കുളമാകുന്നു. ജലഅതോറിറ്റിയുടെ തകർന്നുകിടക്കുന്ന പൈപ്പുകളും മാറ്റിയിടാനും കഴിയില്ല. കുടിവെള്ള വിതരണവും നിലച്ചിട്ട് മാസങ്ങളായി. 12 മീറ്ററോളം വീതിയിലാണ് നിർമാണം. കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് പുനരുദ്ധാരണം. 36 കോടിയോളം രൂപയാണ് ചെലവ്. കവിയൂർ, പായിപ്പാട്, തൃക്കൊടിത്താനം, കുന്നന്താനം പഞ്ചായത്തുകളിലും ചങ്ങനാശ്ശേരി നഗരസഭയിലുംകൂടി കടന്നുപോകുന്ന പാതയാണ്.