തിരുവല്ല : കുറ്റൂർ കവലയിലെ വെള്ളപ്പൊക്കദുരിതം കുറയ്ക്കാൻ സ്ഥാപിച്ച കറുത്താലി ഷട്ടർ ഇത്തവണയും കാര്യമായ പ്രയോജനം ചെയ്തില്ല. ഷട്ടർ കവിഞ്ഞ് വെള്ളം ഒഴുകിയതോടെ കവലയിലെ കിഴക്കൻഭാഗത്തുള്ള കടകളിൽ വെള്ളം കയറി. കുത്തൊഴുക്കിൽ എം.സി. റോഡിലെ കോതാട്ടുചിറ നടപ്പാലം ചരിഞ്ഞ് അപകടാവസ്ഥയിലായി. യാത്രക്കാർക്ക് പാലം വഴി ഇനി നടന്നുപോകാനാവില്ല. പ്രധാന റോഡിലൂടെയുള്ള നടത്തം അപകടകരമായതിനാലാണ് വീതികുറഞ്ഞ ഈ ഭാഗത്ത് ഇരുമ്പ് ഉപയോഗിച്ച് പാതപണിതത്.

കല്ലിശ്ശേരി പദ്ധതിയിൽനിന്ന് തിരുവല്ലയിലേക്കുള്ള കൂറ്റൻ ജലവിതരണ പൈപ്പുകളുടെ സംരക്ഷണവും ഇരുമ്പുവേലി നിർവഹിച്ചിരുന്നു. പൈപ്പിന് താങ്ങായിരുന്ന കമ്പികൾ അടർന്ന നിലയിലാണ്.

ഷട്ടറിന്റെ ഉയരം ക്രമീകരിച്ചില്ല

കുറ്റൂർ-വള്ളംകുളം റോഡിലെ കറുത്താലിപ്പാലത്തിലാണ് ജലവിതാനം ക്രമീകരിക്കാൻ ഷട്ടർ സ്ഥാപിച്ചിരിക്കുന്നത്. മണിമലയാറ്റിലെ വെള്ളത്തിന്റെ ഒരുഭാഗം കറുത്താലിത്തോട്ടിലൂടെ മധുരംപുഴയിലെത്തി കുറ്റൂർ ബി.എസ്.എൻ.എൽ. കവലയിലെ കോതാട്ടുചിറ പാലത്തിന് അടിയിലൂടെ ചേരിക്കൽത്തോട്ടിലും ഇവിടെനിന്ന് ആഞ്ഞിലിക്കുഴിയാറിലേക്കുമാണ് പോകുന്നത്. കറുത്താലി ഷട്ടർ 2018-ലെ പ്രളയത്തിൽ തകർന്നിരുന്നു. റോഡ് നവീകരണത്തിലായി പാലം പുതുക്കിപ്പണിയുന്നതിനിടയിലാണ് ഇവിടെ പുതിയ ഷട്ടർ സ്ഥാപിച്ചത്. പാലത്തിന്റെ ഉയരത്തിനൊപ്പം ഷട്ടർ ഉയർന്നില്ല. അതിനുള്ള ഫണ്ട് തികയാതിരുന്നതാണ് കാരണം. ഷട്ടറിന്റെയും പാലത്തിന്റെയും വിടവിലൂടെയാണ് വെള്ളം കുതിച്ച് ഇപ്പുറത്ത് എത്തുന്നത്. കഴിഞ്ഞ വെള്ളപ്പൊക്കത്തിലും ഷട്ടർ കവിഞ്ഞിരുന്നു. തുടർന്ന് മൂന്നടികൂടി ഉയരക്രമീകരണം നടത്തുന്നതിന് ഫണ്ട് അനുവദിക്കാമെന്ന് ജലസേചനവിഭാഗം അധികൃതർ ജനപ്രതിനിധികളെ അറിയിച്ചെങ്കിലും ഇതുവരെ നടപ്പായില്ല.

ഇപ്പുറത്ത് പൊക്കം അപ്പുറത്ത് താഴ്ച

കുറ്റൂരിലെ കിഴക്കുഭാഗത്തുള്ള നിരവധി കടകളിൽ വെള്ളം കയറിയതായി വ്യാപാരിയായ സദാശിവൻപിള്ള പറഞ്ഞു. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. കിഴക്കുഭാഗത്ത് രണ്ടടിയോളം വെള്ളം ഉയർന്നുനിന്നപ്പോൾ എം.സി. റോഡിന് മറുവശത്ത് രണ്ടടിയോളം താഴ്ന്നായിരുന്നു ജലനിരപ്പ്. ഷട്ടർ കവിഞ്ഞെത്തിയ വെള്ളമാണ് ഇത്രയും ദുരിതത്തിന് ഇടയാക്കിയത്. ഉയരം ക്രമീകരിക്കാൻ ഇനിയും വൈകരുതെന്നാണ് നാട്ടുകാരുടെ ആവശ്യം.

Content Highlights: Karuthali Shutter turned out to be of no use agains as it overflowed to flood areas