കലഞ്ഞൂർ; ഇരുതോട് പാലത്തിന്റെ കൈവരികളും അടിത്തട്ടും തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ബീമുകളിലെ കോൺക്രീറ്റ് ഇളകി അടിത്തട്ടിലെ തുരുമ്പിച്ച കമ്പികളും പുറത്ത് കാണാം. കഴിഞ്ഞ പ്രളയകാലത്ത് ശക്തമായ വെള്ളപ്പാച്ചിലിനൊപ്പം ഒഴുകിവന്ന വലിയ മരങ്ങൾ പാലത്തിന്റെ അടിത്തൂണുകളിലിടിച്ച് വലിയ നാശവുമുണ്ടായി. കൂടൽ-മാങ്കോട് റോഡിൽ രാജഗിരിക്ക് സമീപം ഒരു വലിയ വളവിലാണ് പാലം.
പാലം പുതുക്കി പണിയുമെന്ന് പൊതുമരാമത്ത് വകുപ്പ് വർഷങ്ങളായി പ്രഖ്യാപനങ്ങൾ നടത്താറുണ്ട്. അടുത്ത സമയത്തും ഇത്തരത്തിൽ പ്രഖ്യാപനം നടത്തി. എന്നാൽ, പാലത്തിനരികിൽ പാലം അപകടാവസ്ഥയിൽ എന്ന ബോർഡ് സ്ഥാപിക്കുക മാത്രമാണ് ചെയ്തത്. പക്ഷേ, ഈ ബോർഡ് അവഗണിച്ച് സ്കൂൾ വിദ്യാർഥികളെ കയറ്റിയ വാഹനങ്ങളും ക്വാറി ഉത്പന്നങ്ങൾ കയറ്റിയ ടിപ്പർ ലോറികളും സ്ഥിരമായി യാത്രചെയ്യുന്നുണ്ട്.
അമ്പത് വർഷത്തിലേറെ പഴക്കമുള്ള പാലമാണിത്.