പത്തനംതിട്ട/അടൂർ: വെള്ളിയാഴ്ച പൂഞ്ഞാർ നിയോജകമണ്ഡലത്തിലായിരുന്നു എൻ.ഡി.എ. സ്ഥാനാർഥി കെ.സുരേന്ദ്രന്റെ റോഡ്ഷോ. രാവിലെ 11.30-ന് മണ്ഡലത്തിന്റെ അതിർത്തിയായ കാളകെട്ടിയിൽനിന്നാണ് നിരവധി ബൈക്കുകളുടെ അകമ്പടിയിൽ റോഡ്ഷോ തുടങ്ങിയത്.

തിടനാട്, ഈരാറ്റുപേട്ട, എന്നിവടങ്ങളിൽ പര്യടനം നടത്തി തെക്കേക്കരയിൽ സമാപിച്ചു. തുടർന്ന് കേരള ജനപക്ഷം നേതാവ് പി.സി.ജോർജിന്റെ വസതിയിലെത്തിയ സ്ഥാനാർഥി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. പൂഞ്ഞാർ കൊട്ടാരം, എസ്.എം.വി. സ്കൂൾ എന്നിവടങ്ങളും സന്ദർശിച്ചു.

വൈകീട്ട് അഞ്ചിന് അടൂർ നിയോജക മണ്ഡലം കൺെവൻഷനിലും കെ.സുരേന്ദ്രൻ പങ്കെടുത്തു. യു.പി.എ. ഭരണത്തിൽ വരാതിരിക്കാനും കേരളത്തിലെ വിശ്വാസസമൂഹത്തിന് മുറിവേൽപ്പിക്കുന്നവർക്ക് മറുപടി നൽകുവാനും എൻ.ഡി.എ. പത്തനംതിട്ടയിൽ വിജയിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. നിയോജക മണ്ഡലം ചെയർമാൻ കൊടുമൺ ഗോപാലകൃഷ്ണൻ അധ്യക്ഷനായി.

കെ.സുരേന്ദ്രൻ, ബി.ജെ.പി. സംസ്ഥാന വക്താവ് എം.എസ്.കുമാർ, ടി.ആർ.അജിത്കുമാർ, ബി.ഡി.ജെ.എസ്. സംസ്ഥാന എക്സിക്യുട്ടീവ് അംഗം വിനയചന്ദ്രൻ, ഷാജി ആർ.നായർ, നോബൽ കുമാർ, ജ്യോതിഷ് പെരുമ്പുളിക്കൽ, എം.ജി. കൃഷ്ണകുമാർ, അനിൽ നെടുമ്പള്ളി, സുശീലാ സന്തോഷ് എന്നിവർ പ്രസംഗിച്ചു.

കെ.സുരേന്ദ്രൻ ഇന്ന് പത്രിക നൽകും

എൻ.ഡി.എ. സ്ഥാനാർഥി ശനിയാഴ്ച നാമനിർദേശപത്രിക സമർപ്പിക്കും. ഉച്ചയ്ക്ക് ഒന്നിന് കളക്ടർ പി.ബി.നൂഹ് മുമ്പാകെ പത്രിക സമർപ്പിക്കും.

ശനിയാഴ്ച ചെന്നീർക്കര പഞ്ചായത്തിലെ കാളിഘട്ട് കോളനി, കവിയൂർ എന്നിവടങ്ങളിൽ പര്യടനം നടത്തും. 2.30-ന് കോന്നി പ്രമാടം ഇൻഡോർ സ്‌റ്റേഡിയത്തിൽ എൻ.ഡി.എ.യുടെ കോന്നി മണ്ഡലം കൺവെൻഷൻ നടക്കും. 3.30-ന് റാന്നി വളയനാട് ഓഡിറ്റോറിയത്തിൽ റാന്നി മണ്ഡലം കൺവെൻഷനുകളിലും പങ്കെടുക്കും.

Content Highlights: K Surendran NDA Campaign