പന്തളം : കൃഷിചെയ്തും കൃഷിയെ സ്‌നേഹിച്ചും പഠിക്കുന്ന ജയലക്ഷ്മിയെത്തേടി സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യ പുരസ്‌കാരവുമെത്തി. സംസ്ഥാന സർക്കാരിന്റെ കർഷക തിലകം അവാർഡ് നേടിയ ജയലക്ഷ്മിയാണ് ഇപ്പോൾ വനിതാ ശിശുക്ഷേമവകുപ്പിന്റെ ഉജ്ജ്വലബാല്യ പുരസ്‌കാരത്തിന് ജില്ലയിൽനിന്ന് അർഹയായിരിക്കുന്നത്.

കുളനട ഉളനാട് പോളേമണ്ണിൽ ആഞ്ജനേയത്തിൽ കെ.എസ്.സഞ്ജീവിന്റെയും പന്തളം എൻ.എസ്.എസ്.പോളിടെക്‌നിക് കോളേജ് അധ്യാപിക ദീപ്തിയുടെയും മകളാണ്.

വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനതലത്തിൽ വനിത ശിശുവികസനവകുപ്പ് നൽകുന്നതാണ് ഉജ്ജ്വല ബാല്യം പുരസ്‌കാരം. ജില്ലകളിൽനിന്ന് ഓരോ കുട്ടികൾക്ക് വീതം ശിശുദിനാഘോഷങ്ങളോടനുബന്ധിച്ചാണ് പുരസ്‌കാരം നൽകിവരുന്നത്.

ആലപ്പുഴ ജില്ലയിലെ ഇറവുംകര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ കൃഷി പ്രധാന വിഷയമായെടുത്ത് പ്ലസ്‌വണിന് പഠിക്കുന്ന ജയലക്ഷ്മിക്ക് കൃഷിയോടുള്ള അടുപ്പം പാരമ്പര്യമായി കിട്ടിയതല്ല. ആരും പരിശീലനവും നൽകിയില്ല. മുറ്റത്തും പറമ്പിലും ചെടികൾ നട്ടുനനച്ച് അതിന്റെ വളർച്ചയുടെ ഓരോഘട്ടവും നിരീക്ഷിച്ച് പഠനം നടത്തുകയായിരുന്നു ഈ കൊച്ചു കർഷക. പച്ചക്കറിയും വിത്തും തൈകളും നട്ട് ചെറിയ വരുമാനവും ഈ കൊച്ചു കർഷക ഉണ്ടാക്കുന്നുണ്ട്.

വീട്ടിലെ കൃഷിക്കൊപ്പം സ്‌കൂളിലെ കാർഷിക പ്രവർത്തനങ്ങളും അധ്യാപകരുടെ പ്രോത്സാഹനവുംകൂടിയായപ്പോൾ ജയലക്ഷ്മി കൃഷിയോട് കൂടുതൽ അടുത്തു. കൃഷിവകുപ്പും വിദ്യാർഥി കർഷകയുടെ സഹായത്തിനെത്തി. കുളനട കൃഷിഭവൻ വീട്ടുമുറ്റത്ത് മഴമറ പണിയാൻ ആനുകൂല്യവും നൽകി. മഞ്ഞുപെയ്യുന്ന മലമടക്കുകളിൽ വിളയുന്ന കാബേജും കോളിഫ്‌ളവറും മുതൽ നിത്യവും ഉപയോഗിക്കുന്ന പച്ചക്കറികളെല്ലാം വീട്ടുമുറ്റത്ത് ജയലക്ഷ്മി വിളയിച്ചെടുത്തു. പന്തളം എൻ.എസ്.എസ്. ഗേൾസ് ഹൈസ്‌കൂളിൽ പഠിച്ച ജയലക്ഷ്മിക്ക് മാതൃഭൂമി സീഡ് നടത്തിയ പ്രവർത്തനവും തുണയായി.

അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള സമ്മാനമായി പേരയുടെ തൈ ജയലക്ഷ്മി സുരേഷ് ഗോപി എം.പിയെ ഏൽപ്പിച്ചത് വാർത്തയായിരുന്നു. തന്റെ ഔദ്യോഗിക വസതിയിൽ പേരത്തൈ നടുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയതായി സുരേഷ് ഗോപി അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജിൽ കുറിക്കുകയും ചെയ്തിരുന്നു.