അടൂർ: വെള്ളത്തിനായി തങ്ങളുടെ പറമ്പിൽ കിണർ കുഴിക്കുകയെന്നത് ഇല്ലത്തുതറ വാസികളുടെ ഒരു സ്വപ്നംമാത്രമാണ്. കാരണം കിണർ കുഴിച്ചാൽ വെള്ളത്തിൽ നിറയെ എണ്ണകലർന്ന മാലിന്യമാണ്. അടൂർ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെ വർക്ക്‌ഷോപ്പിൽനിന്ന് ഒഴുകിവരുന്ന മാലിന്യമാണ് സമീപത്തെ പുരയിടങ്ങളിൽ മുഴുവനും. വർഷങ്ങളായി ഈ ദുരിതം സഹിച്ചാണ് ഇവിടെയുള്ള ആറു വീട്ടുകാർ കഴിയുന്നത്. പല വീടുകളിലും മുമ്പ് ഉപയോഗിച്ചിരുന്ന കിണറുകൾ ഇന്ന് ഉപയോഗശൂന്യമാണ്.
ഈ പ്രശ്നങ്ങൾ കാരണം പുതുതായിവെച്ച വീടുകളിൽ പലതിലും കിണർ കുഴിച്ചിട്ടുമില്ല. വർഷങ്ങളായി ഇവർ ഉപയോഗിക്കുന്നത് ജലവിതരണ പൈപ്പിലൂടെ വരുന്ന വെള്ളമാണ്. എന്നാൽ, അത് പലപ്പോഴും മുടങ്ങും. ഒരു പരീക്ഷണമെന്നോണം ഇല്ലത്തുതറ തങ്കപ്പൻ തന്റെ വീട്ടിൽ അടുത്തിടെ ഒരു കിണർകുഴിച്ചിരുന്നു. എന്നാൽ, അതിൽ എണ്ണമാലിന്യമായതിനാൽ കുഴിച്ച കിണർ മൂടി. മറ്റു രണ്ടു കിണർകൂടി കുഴിച്ചുനോക്കിയെങ്കിലും ഫലമുണ്ടായില്ല. അതിനു ശേഷം സമീപവാസിയായ മറ്റൊരാൾ തന്റെ പുരയിടത്തിൽ കുഴൽക്കിണർ കുഴിച്ചെങ്കിലും ഇതു തന്നെയായിരുന്നു അവസ്ഥ.
ഭൂമിക്കടിയിലെ ഉറവകളിൽനിന്നാണ് കിണറുകളിലേക്ക് ഇത്തരം മാലിന്യമെത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. കെ.എസ്.ആർ.ടി.സി. ബസുകളിൽനിന്ന് മാറുന്ന പഴയ ഓയിലിന്റെ അംശമാണ് ഇത്തരത്തിൽ പുറത്തേക്ക് പോകുന്നത്. പ്രശ്നങ്ങൾ കാരണം ഈ സ്ഥലത്ത് വീടുവയ്ക്കാൻ ഇന്ന് ആരും മുതിരാറില്ല. പലർക്കും ഇവിടെ വസ്തുക്കളുണ്ടെങ്കിലും ഉടമകൾ തിരിഞ്ഞുനോക്കാറില്ല. കെ.എസ്.ആർ.ടി.സി. അധികൃതരോട് സമീപവാസികൾ പലതവണ പ്രശ്നങ്ങൾ സൂചിപ്പിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് സമീപവാസികൾ പറയുന്നു.