ഇളമണ്ണൂർ: ഹെൽമെറ്റും സീറ്റ്‌ബെൽറ്റും ധരിച്ചുവന്ന വാഹനയാത്രികർക്ക് മധുരം നൽകി റോഡരികിൽ നിന്ന ക്രിസ്‌മസ് പാപ്പ പറഞ്ഞു. നല്ലകാര്യങ്ങൾക്ക് മധുരം നല്ലതാണ്. ഇതൊന്നും പാലിക്കാതെവന്ന വാഹനയാത്രികരെ ബോധവത്കരണം നൽകിയും യാത്രയാക്കി.
ഹെൽമറ്റും സീറ്റ്‌ബെൽറ്റും ധരിക്കാതിരുന്നാൽ ഉണ്ടാകുന്ന ദോഷം എന്താണ് എന്നതിനെപ്പറ്റിയായിരുന്നു ബോധവത്കരണം. ഇളമണ്ണൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി യൂണിറ്റിന്റെയും മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
തിങ്കളാഴ്ച രാവിലെ 11.30 മുതൽ സ്കൂൾ ജങ്ങ്ഷനിലായിരുന്നു പരിപാടി. നിരവധി എൻ.സി.സി കേഡറ്റുകളും സീഡ് ക്ലബ്ബ് വിദ്യാർഥികളും പങ്കെടുത്തു. ഇവരെ സഹായിക്കാനായി എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. രമണൻ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.ജെ. ഷിബു, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ റോബിൻ മെൻറ്റാ, എൻ.സി.സി. ഓഫീസർ ദിലീപ് കുമാർ, സുനിൽകുമാർ, രാജശ്രീ, ബീന, രേവതി, ശ്രീകാന്ത്, അനൂപ്, അനീഷ് എന്നിവരും ഉണ്ടായിരുന്നു.