പത്തനംതിട്ട: ശക്തമായ മഴയ്ക്ക് 24-ാം തീയതിവരെ സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുള്ളതിനാൽ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ അവിടെത്തന്നെ തുടരണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

ജില്ലയിൽ 145 ക്യാമ്പുകളിലായി നിലവിൽ 7,646 ആളുകൾ കഴിയുന്നുണ്ട്‌. പത്തനംതിട്ട കളക്ടറേറ്റിൽ ഡോ. ദിവ്യാ എസ്.അയ്യരുമായി സ്ഥിതിഗതികൾ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.കാര്യങ്ങൾ മുൻകൂട്ടി ഏകോപിപ്പിക്കാൻ കഴിഞ്ഞതിനാൽ മികച്ചരീതിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞതായി കളക്ടർ മന്ത്രിയെ അറിയിച്ചു.

സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ പകുതിയും ജില്ലയിലാണ്. മഴ ശക്തമായ ആദ്യദിവസംതന്നെ 1300 പേരെ രക്ഷാപ്രവർത്തനത്തിലൂടെ ക്യാമ്പുകളിൽ എത്തിക്കാൻ കഴിഞ്ഞു. എല്ലാ വകുപ്പുകളും മികച്ച രീതിയിൽ പ്രവർത്തനം നടത്തുന്നുണ്ടെന്നും കളക്ടർ പറഞ്ഞു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ജില്ലയിലെ മണ്ണിടിച്ചിൽ ഉണ്ടാകാനിടയുള്ള 44 പ്രദേശങ്ങൾ കണ്ടെത്തി ഇവരെ ക്യാമ്പുകളിലെത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. നിലവിൽ പമ്പ, അച്ചൻകോവിൽ, മണിമലയാർ എന്നിവിടങ്ങളിലെ ജലനിരപ്പ് അപകടകരമായ നിലയിൽനിന്ന് താഴ്‌ന്നിട്ടുണ്ട്. പമ്പ, മണിമലയാർ നദികളിലെ ജലനിരപ്പ് നിലവിൽ വാണിങ്‌ ലെവലിന് താഴെയാണ്‌. അച്ചൻകോവിൽ നദിയിൽ ജലം നിലവിൽ വാണിങ്‌ ലെവലിന് മുകളിലാണെങ്കിലും അപകടനിരക്കിൽ താഴെയാണുള്ളത്. കക്കി-ആനത്തോട്, പമ്പ ഡാമുകൾ തുറന്ന് വെള്ളം ഒഴുക്കിയെങ്കിലും നദികളിലെ ജലനിരപ്പ് കാര്യമായി ഉയർന്നില്ല. ജില്ലയിൽ കഴിഞ്ഞദിവസം വൈകീട്ടും രാത്രിയിലുമായി ചില ഇടങ്ങളിൽ മഴ ലഭിച്ചെങ്കിലും നദികളിലെ ജലനിരപ്പ് കാര്യമായി ഉയർന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Content Highlights: Half of distress relief camps in kerala is at Pathanamthitta district