പഴകുളം : മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയിൽനടന്ന വിദ്യാരംഭം കുറിക്കൽ ചടങ്ങിൽ അസമിൽനിന്നുള്ള കുടുംബവും മലയാളത്തിൽ ആദ്യാക്ഷരം കുറിച്ചു. അസം സ്വദേശിയായ സുൽത്താൻ അലിയും ഭാര്യ അനിതഹാത്തുനും മകൻ മൂന്ന് വയസ്സുകാരൻ അജീജുലുമാണ് ആദ്യാക്ഷരമെഴുതിയത്.

യുവകവിയും ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യുട്ടീവംഗവും അധ്യാപകനുമായ വിനോദ് മുളമ്പുഴ ആദ്യാക്ഷരം എഴുതിപ്പിച്ചു.

മേട്ടുംപുറം ജങ്ഷനിൽ കോഴിക്കട നടത്തുകയാണ് സുൽത്താൻ. ഗ്രന്ഥശാല പ്രസിഡന്റ് എസ്. മീരാസാഹിബ്, ലൈബ്രറി കൗൺസിൽ അടൂർ താലൂക്ക് കൗൺസിലംഗം എസ്.അൻവർഷ, വൈസ് പ്രസിഡന്റ് മുരളി കുടശ്ശനാട് എന്നിവർ പങ്കെടുത്തു.