ഏനാത്ത്: മണ്ണടിയിലെ വീട്ടിൽനിന്ന് മോഷ്ടാക്കൾ 13 പവൻ കവർന്നു. മണ്ണടി ദേശകലുംമൂട് പെരുംബ്രാലിൽ വീട്ടിൽ മോഹനകുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. അടുക്കളയുടെ വാതിൽ ആയുധംകൊണ്ട് കുത്തിത്തുറന്ന് മുറിക്കകത്തെ അലമാരയ്ക്കുള്ളിൽനിന്നാണ് സ്വർണം മോഷ്ടിച്ചത്.

മോഷണം നടന്ന വീടിനോട് ചേർന്നുള്ള കുടുംബ വീട്ടിലാണ് വീട്ടുകാർ താമസിച്ചിരുന്നത്. മോഹനകുമാറിന്റെ ഭാര്യയും പ്രായമായ അച്ഛനും അമ്മയും മാത്രമേ കുടുംബവീട്ടിൽ ഉണ്ടായിരുന്നുള്ളൂ. മോഷണം നടന്ന ബുധനാഴ്ച രാത്രി 8.45-നാണ് മോഹനകുമാറിന്റെ ഭാര്യ കുടുംബവീട്ടിലേക്ക് പോയത്. വ്യാഴാഴ്ച രാവിലെ 6.45-നാണ് വീട്ടുകാർ മോഷണവിവരം അറിഞ്ഞത്.

തുടർന്ന് നടത്തിയ പരിശോധനയിൽ കുടുംബ വീടിന്റെ വാതിൽ പൊളിക്കാൻ ശ്രമം നടത്തിയതായും കണ്ടെത്തി. ഏനാത്ത് എസ്.ഐ. എസ്.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ പോലീസും പത്തനംതിട്ടയിൽനിന്ന്‌ വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കതക്‌ കുത്തിപ്പൊളിക്കാൻ ഉപയോഗിച്ച ആയുധം പരിസരത്തുനിന്ന്‌ പോലീസ് കണ്ടെത്തി.