പത്തനംതിട്ട: ലോക്ഡൗൺ കാലത്ത് കുറഞ്ഞിരുന്ന ലഹരിക്കടത്ത് വീണ്ടും വർധിച്ചു. എക്സൈസ് അധികൃതരുടെ കണക്കുകൾപ്രകാരം കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ ജില്ലയിൽ 72 കേസുകളാണ് രജിസ്റ്റർ ചെയ്തത്. എല്ലാം നർക്കോട്ടിക്‌ ഡ്രഗ്സ് ആൻഡ് സൈക്കോട്രോപ്പിക് ആക്ട് (എൻ.ഡി.പി.എസ്.) കേസുകളാണ്. പിടിയിലായവരിൽ ഭൂരിഭാഗവും 18-നും 28-നുമിടയിലുള്ളവരാണ്. അടൂർ, റാന്നി, തിരുവല്ല, പത്തനംതിട്ട എന്നീ മേഖലകൾ കേന്ദ്രീകരിച്ചാണ് കൂടുതൽ കേസുകൾ. ലഹരിസംഘങ്ങൾ തമ്മിലുള്ള സംഘർഷങ്ങളും ഇതിനൊപ്പം വർധിച്ചു. പത്തനംതിട്ട നഗരത്തിൽ കഴിഞ്ഞയാഴ്ച രണ്ടുതവണ സംഘർഷമുണ്ടായി. അഴൂർ ജങ്ഷനിലുണ്ടായ സംഘർഷത്തിലുൾപ്പെട്ടവർ പോലീസ് എത്തിയപ്പോഴേക്കും കടന്നു. നഗരത്തിലെ ബാറിന് മുൻപിൽ സംഘർഷം ഉണ്ടാക്കിയവരെ പിടിക്കാനെത്തിയ പോലീസിനുനേരേയും ആക്രമണമുണ്ടായി. രണ്ടുപേരെ പിന്നീട് പോലീസ് പിടികൂടി. കഞ്ചാവ് വില്പന സംബന്ധിച്ച തർക്കങ്ങളായിരുന്നു സംഘർഷങ്ങൾക്ക് കാരണം.

കടത്തിന്റെ കവാടങ്ങൾ

ജില്ലയിലേക്കുള്ള കഞ്ചാവിന്റെ ഒഴുക്ക് ഇതരസംസ്ഥാനത്തുനിന്നെന്ന്‌ എക്സൈസ് അധികൃതർ പറയുന്നു. തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽനിന്നാണ് ലഹരിവസ്തുക്കൾ കൂടുതലായി ജില്ലയിലെത്തുന്നത്. തമിഴ്നാട്ടിെല കന്പം, തേനി എന്നിവിടങ്ങളിൽനിന്നുള്ള ലഹരി വസ്തുക്കൾ ചരക്കുലോറി വഴിയും ടൂറിസ്റ്റ് ബസ് വഴിയുമാണ് എത്തിക്കുന്നത്. ആന്ധ്രപ്രദേശിൽനിന്നുള്ള ചരക്കുലോറികളിലും ലഹരിവസ്തുക്കൾ എത്തിക്കുന്നു. കഴിഞ്ഞ മാസം അവിടെനിന്നുവന്ന അരിലോറിയിൽനിന്ന് പത്തുകിലോ കഞ്ചാവ് അടൂരിൽ എക്സൈസ് വിഭാഗം പിടിച്ചെടുത്തു. ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാനായിരുന്നു ഇത്. ട്രെയിനുകളാണ് ലഹരിക്കടത്തിനുള്ള മറ്റൊരു മാർഗം. ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനായ തിരുവല്ലയിലും, സമീപത്തെ ചെങ്ങന്നൂരിലുമാണ് ലഹരിവസ്തുക്കൾ എത്തുന്നത്. 25 കിലോയ്ക്കടുത്ത് കഞ്ചാവാണ് അഞ്ചുമാസത്തിനിടെ പിടിച്ചത്.

വില്പന മൊബൈലിലൂടെ

ലഹരിവസ്തുക്കളുടെ വില്പന വാട്സാപ്പ് കൂട്ടായ്മകളിലൂടെയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഗ്രൂപ്പ് അംഗങ്ങളിൽനിന്ന് ഓർഡർ എടുത്ത് അഡ്മിൻമാർ ഡീലർമാരുമായി വാട്സാപ്പിലൂടെ ആശയവിനിമയം നടത്തുന്നു. വില പറഞ്ഞുറപ്പിക്കുന്നതും കൈമാറാനുള്ള സ്ഥലം നിശ്ചയിക്കുന്നതുമെല്ലാം വാട്സാപ്പിലൂടെ മാത്രം. വോയ്‌സ് കോളുകൾ ഉപയോഗിക്കാറില്ല. മൊബൈൽ വാലറ്റുകൾവഴി പണം കൈമാറും. അക്കൗണ്ടിൽ പണമെത്തുന്നതോടെ ലഹരിവസ്തു എവിടെ കൈമാറുമെന്ന കാര്യം വാട്സാപ്പിലൂടെ അറിയിക്കും. ഡീലർമാർ പറയുന്ന സ്ഥലത്ത്, പറയുന്ന സമയത്ത് എത്തിയാൽ ലഹരി കൃത്യമായി ഒളിപ്പിച്ചുവച്ചിരിക്കുന്നത് കണ്ടെത്താം. നേരിട്ട് ആശയവിനിമയമോ, കൈമാറ്റമോ ഉണ്ടാകില്ല. ഇന്റർനെറ്റിലെ ഡാർക്ക് നെറ്റ് വഴിയും വില്പനയുണ്ട്. വില്പനയ്ക്കായി ആഡംബരഭ്രമമുള്ള കൗമാരക്കാരെയും യുവാക്കളെയുമാണ് സംഘം പ്രധാനമായും നോട്ടമിടുന്നത്. പണംകൊടുത്ത് വശത്താക്കിയശേഷം തങ്ങൾ പറയുന്നജോലി ചെയ്യാൻ ഇവരോട് ആവശ്യപ്പെടുകയാണ് ചെയ്യുന്നത്.

(നിയമപ്രകാരമുള്ള മുന്നറിയിപ്പ്: ലഹരിവസ്തുക്കളുടെ ഉപയോഗം ആരോഗ്യത്തിന് ഹാനികരം)

എൻ.ഡി.പി.എസ്. ആക്ട്

മയക്കുമരുന്ന് നിർമിക്കുക, ഉപയോഗിക്കുക, മറ്റുള്ളവർക്ക് വിപണനം ചെയ്യുക, പണംകൊടുത്ത് വലിയ അളവിൽ വാങ്ങുക തുടങ്ങിയവ തടയുക എന്നതാണ് ആക്ട് ഉദ്ദേശിക്കുന്നത്. കേസുകളിൽ കുറ്റകൃത്യങ്ങളുടെ ഗൗരവം അനുസരിച്ചാണ് ശിക്ഷ നിശ്ചയിക്കുന്നത്. വധശിക്ഷയാണ് ഇത്തരം കേസുകളിൽ പരമാവധി നൽകുന്ന ശിക്ഷ. മയക്കുമരുന്ന് വലിയ അളവിൽ വിപണനത്തിന് ഉപയോഗിക്കുന്നവർക്കാണ് വധശിക്ഷപോലും കിട്ടാവുന്ന കുറ്റമായി കണക്കാകുക.