പത്തനംതിട്ട : ജില്ലയിൽ കോന്നി, റാന്നി, കോഴഞ്ചേരി, അടൂർ താലൂക്കുകളിലെ 44 ഇടങ്ങളിൽ മണ്ണിടിച്ചിൽ സാധ്യതയെന്ന് മുന്നറിയിപ്പ്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വിദഗ്ധ സമിതിയും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകളുണ്ടെന്ന് കണ്ടെത്തിയ സ്ഥലങ്ങളാണ് ഇൗ പ്രദേശങ്ങൾ. ഇവിടങ്ങളിൽ കഴിയുന്നവരെ ഉടൻ ക്യാമ്പുകളിലേക്ക് മാറ്റുമെന്ന് കളക്ടർ ഡോ. ദിവ്യാ എസ്.അയ്യർ അറിയിച്ചു.

ഇതിനായി ജില്ലാ പോലീസ് മേധാവി, റാന്നി, കോന്നി, ഡി.എഫ്.ഒ.മാർ, അടൂർ, തിരുവല്ല റവന്യൂ ഡിവിഷണൽ ഓഫീസർ, ജില്ലാ ഫയർ ഓഫീസർ, ജില്ലാ ജിയോളജിസ്റ്റ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ, റീജണൽ ട്രാൻസ്‌പോർട്ട്‌ ഓഫീസർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ, തഹസിൽദാർമാർ എന്നിവരെ ചുമതലപ്പെടുത്തി. ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്താണ് നടപടി. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഒഴിപ്പിക്കൽ പൂർത്തിയാക്കാൻ മൈക്ക് അനൗൺസ്‌മെന്റും നടത്തും.