ഏനാത്ത് : ‘ആക്ഷൻ ഹീറോ ബിജു’ സിനിമയിൽ കള്ളുകുടിച്ച് തുണിപറിച്ചാടുന്ന സാമൂഹികവിരുദ്ധനെ പോലീസ് നോക്കിനിന്നു. ‘കൈവെയ്ക്കല്ലേ സാറേ... രണ്ട് അറ്റാക്ക്‌ കഴിഞ്ഞതാണെന്ന്‌ പറയുന്നിടത്ത് എസ്‌.ഐ. ഒരുനിമിഷമൊന്ന് പാളി. അസുഖക്കാരനെ എന്തുചെയ്യുമെന്ന് പറഞ്ഞതുപോലെയായി ഏനാത്ത് പോലീസിന്റെ അവസ്ഥ. ഇവിടെ ലഹരിമൂത്താടി ഉടുതുണിപറിച്ച് പ്രദർശിപ്പിച്ചവൻ മറയാക്കിയത് ആനയെയാണെന്നുമാത്രം. പിടിക്കാൻ ചെല്ലുന്നവരെ ആനയെക്കൊണ്ട് വിരട്ടിയാൽ പിന്നോട്ടുപോരുകയല്ലാതെ എന്തുചെയ്യാൻ. അതിനി പോലീസായാലും പട്ടാളമായാലും.

തിങ്കളാഴ്ച വൈകീട്ട് 4.30-നാണ് ഏനാത്ത് പുതുശ്ശേരിഭാഗത്തെ മുൾമുനയിൽ നിർത്തി ആനപ്പാപ്പാന്മാർ വിളയാടിയത്. രണ്ട് പിടിയാനകളെ മദ്യംമൂത്ത രണ്ട് പാപ്പാന്മാർ മർദിക്കുന്നതുകണ്ട് നാട്ടുകാരാണ് ആദ്യം ഇടപെട്ടത്. ഇരുകൂട്ടരും തമ്മിൽ തർക്കമായി. ഇതിനിടയിൽ ഒരു പാപ്പാൻ ആനയെ തളച്ചു. പ്രകോപിതനായ മറ്റേ പാപ്പാൻ ആനപ്പുറത്തുകയറി ആനയെ പുതുശ്ശേരി ഭാഗം-തട്ടാരുപടി റോഡിലേക്കിറക്കി.

ഇതിനിടെ തൊട്ടരികിലുള്ള എം.സി.റോഡിൽക്കൂടി ഗവർണറുടെ വാഹനവ്യൂഹം പോയി. വണ്ടിയും ആളുംനിറഞ്ഞ റോഡിലൂടെ ആനയുടെ പുറത്ത് കയറിയായി പാപ്പാന്റെ സഞ്ചാരം. ഇടയ്ക്കിടയ്ക്ക് ആനയെ പ്രകോപിപ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞ ഏനാത്ത് പോലീസ് സ്ഥലത്തെത്തി. പോലിസ് ഭാഷയിൽ പാപ്പാനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

അപ്പോഴും പാപ്പാൻ ആനയെ വിരട്ടാൻ ശ്രമിച്ചു. പോലീസ് നോക്കിനിൽക്കേ പാപ്പാൻ പല തവണ ആനയെ മർദിച്ചു. ചിലരിത് വീഡിയോയിൽ പകർത്തി. ഇതിനിടെ താഴെയിറങ്ങിയ പാപ്പാൻ സ്ത്രീകളുൾപ്പെടെ നിൽക്കുമ്പോൾ പാപ്പാൻ തുണിയുരിഞ്ഞ് നഗ്നത പ്രദർശിപ്പിച്ചു. ക്ഷമകെട്ട പോലീസ് അടുക്കുമ്പോഴേക്കും ആനയെ മറയാക്കി മറഞ്ഞുനിൽക്കും. ആനയെ മെരുക്കാൻ അറിയാത്ത പോലീസ് ആകെ കുഴങ്ങി. നിസ്സഹായരായ പോലീസ് തിരികെപ്പോയതായി നാട്ടുകാർ പറയുന്നു.

തുടർന്ന് ഏനാത്ത് ഗ്രാമപ്പഞ്ചായത്തംഗം ഡി.ജയകുമാർ വിവരം അറിയിച്ചതിനെത്തുടർന്ന് കോന്നിയിൽനിന്ന്‌ റേഞ്ച്‌ ഓഫീസർ അശോകും സംഘവും രാത്രി എട്ടുമണിയോടെ സ്ഥലത്തെത്തി. ഈ സമയവും പാപ്പാൻ ആനപ്പുറത്തായിരുന്നു. ഒടുവിൽ ആനയുടെ ഉടമ അറിയിച്ചതിനെത്തുടർന്ന് മലയാലപ്പുഴയിലുള്ള ആനച്ചട്ടം പഠിച്ച പാപ്പാനെത്തി ആനയെ തളച്ചു. പാപ്പാനെ താഴെയിറക്കി.

കോട്ടയം സ്വദേശിയുടേതാണ് ആന. ഒന്നാംപാപ്പാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാവശ്യമായി പോയസമയത്ത് ചുമതല കൊടുത്ത രണ്ടാം പാപ്പാൻ സജിയായിരുന്നു കഥാപാത്രം. ഇയാളെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. ആദ്യം തളച്ച ആന കൊല്ലം സ്വദേശിയുടേതാണ്. പുതുശ്ശേരി ഭാഗം-തട്ടാരുപടി റോഡരികിലെ പറമ്പിലാണ് ആനകളെ പതിവായി കെട്ടുന്നത്.

Content Highlight: Drunken mahout with elephant