തിരുവല്ല: അപ്പർകുട്ടനാട് വരൾച്ചയുടെ പിടിയിലേക്ക്. കിണറുകളിൽ ജലനിരപ്പ് താഴുകയും വെള്ളത്തിന് ചേറുമണം ആവുകയും ചെയ്തു. പെരിങ്ങര മേഖലയിൽ നിരവധി കിണറുകൾ വറ്റി. കടുത്തവേനലുണ്ടായ മുൻവർഷങ്ങളിൽ മാർച്ച് അവസാനമോ ഏപ്രിലിലോ വറ്റുന്ന കിണറുകളിലാണ് ഒരുമാസം മുന്നേ ജലനിരപ്പ് താഴ്ന്നത്. വെള്ളം അവശേഷിക്കുന്ന ചില കിണറുകളിൽ ചേറിന്റെ മണവും നിറംമാറ്റവും ഉണ്ട്. കുടിക്കാനും ആഹാരം പാകം ചെയ്യാനും ഇപ്പോൾ കിണർവെള്ളം ഉപയോഗിക്കുന്നില്ല. പൈപ്പിലൂടെയുളള ജലവിതരണം ഇല്ലാത്ത ഉൾപ്രദേശങ്ങളിൽ കുടിവെള്ളത്തിനായി മറ്റുമാർഗങ്ങൾ തേടുകയാണ് നാട്ടുകാർ. കാരയ്ക്കൽ, മേപ്രാൽ, വളവനാരി, ചാത്തങ്കരി ഭാഗങ്ങളിൽ പൈപ്പുവെള്ളം എത്താത്ത പ്രദേശങ്ങളുണ്ട്. പെരിങ്ങര 10-ാം വാർഡിൽ മുൻവർഷങ്ങളിൽ ഇല്ലാത്തവിധം കിണറ്റിൽ ജലനിരപ്പ് താഴുന്നതായി പ്രദേശവാസികൾ പറയുന്നു. അപ്പർകുട്ടനാട്ടിലെ നീർനാഡികളായ തോടുകൾ വരണ്ടതാണ് ജലനിരപ്പ് ക്രമാതീതമായി താഴാൻ ഇടയാക്കുന്നത്. മണിമലയാറ്റിൽനിന്ന്‌ തുടങ്ങുന്ന തോടുകൾ ആദ്യഭാഗം കഴിയുമ്പോൾ പോളയും പാഴ്‌ച്ചെടികളും വളർന്ന് ഒഴുക്കുനിലച്ച് കിടക്കുകയാണ്. മേഖലയിലെ അഞ്ഞൂറ് ഏക്കറോളം പാടശേഖരത്തിലും വരൾച്ച ബാധിച്ചിട്ടുണ്ട്.

ടാങ്കറിൽ ജലവിതരണം തുടങ്ങിയില്ല

വരൾച്ച നേരിടാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ടാങ്കറിൽ നടത്തുന്ന ജലവിതരണം ഇതുവരെ തുടങ്ങിയിട്ടില്ല. തിരുവല്ല ജലഅതോറിറ്റി ഡിവിഷൻ ഓഫീസിന് പരിധിയിലുള്ള ടാങ്കുകളിൽനിന്നാണ് അപ്പർകുട്ടനാട്, കുട്ടനാട് മേഖലയിലേക്ക് ടാങ്കർലോറിയിൽ ജലം എത്തിക്കുന്നത്. ജില്ലാ ഭരണകൂടംവഴിയുള്ള ജലവിതരണത്തിന് പണം ജലഅതോറ്റി വാങ്ങിക്കുന്നില്ല. പകരം സർക്കാർ ഗ്രാൻറ്‌ അനുവദിക്കും. തദ്ദേശ സ്ഥാപനങ്ങൾ സ്വന്തം ഫണ്ട് ഉപയോഗിച്ചുനടത്തുന്ന ജലവിതരണത്തിന് 1000 ലിറ്ററിന് 60 രൂപ നിരക്കിൽ ജല അതോറിറ്റിക്ക് നൽകണം. മുൻവർഷങ്ങളിൽ മാർച്ച് അവസാനത്തോടെയാണ് ഇത്തരം ജലവിതരണം തുടങ്ങിയിരുന്നത്. ഇത്തവണ ഭൂഗർഭ ജലനിരപ്പ് താഴ്ന്നതിനാൽ നേരത്തെ വിതരണം തുടങ്ങണം. ഇതിനുള്ള തയ്യാറെടുപ്പുകൾ തദ്ദേശസ്ഥാപനങ്ങൾ തുടങ്ങുന്നതേയുള്ളൂ.

content highlights; Drought in Upper Kuttanad