image
അരയ്ക്ക് താഴോട്ട് തളര്‍ന്നുപോയ കൈലാസകുന്ന് ലക്ഷ്മിഭവനില്‍ ഇ.ആര്‍.സുധ വീട്ടിലേക്കുള്ള പടികള്‍ നിരങ്ങി ഇറങ്ങുന്നു(ഇടത്), 
സുധയുടെ വീട്ടിലേക്കുള്ള വഴിക്കായി തുടങ്ങിയ പണി പാതിവഴിയില്‍ ഉപേക്ഷിച്ചനിലയില്‍(വലത്). 

കലഞ്ഞൂർ : “ഏഴ് വർഷമായി നിങ്ങൾ എന്നെ പറഞ്ഞു പറ്റിക്കുന്നത് മതിയായില്ലേ. നിങ്ങൾക്ക് എന്റെ വീട്ടിലേക്കുള്ള വഴി നിർമിച്ചുതരാൻ പറ്റില്ലെങ്കിൽ അനുവദിച്ച പണം ഇങ്ങു തന്നാൽ മതി. അതുപയോഗിച്ച് ഞാൻ വീട്ടിലേക്കുള്ള റാമ്പ് നിർമിച്ചുകൊള്ളാം. 55 വർഷമായി ഈ വേദന ഞാൻ സഹിക്കുകയാണ്. ഇനിയും ഈ ഭിന്നശേഷിക്കാരിയെ അർഹതപ്പെട്ട ഫണ്ട് തരാതെ നിങ്ങൾ അപമാനിക്കരുതേ...”അരയ്ക്ക് കീഴ്‌പ്പോട്ട് തളർന്ന ഭിന്നശേഷിക്കാരിയായ ഇ.ആർ.സുധയുടെ വാക്കുകളാണിത്.

നെടുമൺകാവ് കൈലാസകുന്ന് ലക്ഷ്മിഭവനിൽ ഇ.ആർ.സുധ, റോഡരികിൽ വെച്ചിരിക്കുന്ന തന്റെ മുച്ചക്രവാഹനത്തിന് അരികിൽ എത്തണമെങ്കിൽ ഏറെ ആയാസപ്പെടണം.രണ്ട് കാലുകളിലും കൈകൾകൊണ്ട് കൂട്ടിപ്പിടിച്ച് കാലിന് ബലം കൊടുത്താണ് വീട്ടിൽനിന്ന് നിരങ്ങി ഇറങ്ങുന്നത്.

മൂന്ന് തട്ടായി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന 18 പടികൾ കയറി റോഡിലേക്കെത്തണമെങ്കിൽ അര മണിക്കൂറോളം വേണം.ഉയരത്തിലേക്ക് കൈയ്യും കാലും കൂട്ടിപ്പിടിച്ചുള്ള ഈ യാത്ര കാരണം ഇപ്പോൾ ശരീരമാസകലം വേദനയുമാണ്. ഓരോ പടി കയറി കഴിയുമ്പോഴും ഉണ്ടാകുന്ന കിതപ്പും വേദനയും മാറാൻ അൽപ്പസമയം ഇരുന്നിട്ടാണ് അടുത്ത പടിയിലേക്ക് കയറുന്നത്. 55 വർഷമായി ഈ വലിയ ദുരിതം അനുഭവിക്കുന്നു.ഒന്നര വയസ്സിൽ പോളിയോ ബാധിച്ച് തളർന്നുപോയ സുധ ഒറ്റയ്ക്കാണ് താമസിക്കുന്നത്. 2019 ഫെബ്രുവരിയിൽ ഒരപകടത്തെ തുടർന്ന് കൈയുടെ കുഴയ്ക്കും സ്വാധീനക്കുറവ് ഉണ്ട്. ഇതോടെ കൈകുത്തി നിരങ്ങി ഇറങ്ങുന്നതിനും ബുദ്ധിമുട്ടാണ്.നിരവധി തവണ ജില്ലാ ഭരണകൂടം ഉൾപ്പെടെ വിവിധയിടങ്ങളിൽ എത്തിയെങ്കിലും മതിയായ പരിഹാരം ലഭിച്ചില്ല.

ഫണ്ടുണ്ട്. നിർമാണത്തിന് താത്പര്യമില്ല

മുതൽ സുധ കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്തിൽ കയറിയിറങ്ങുന്നു. 2020 ജനവരി ആറിന് ഗ്രാമപ്പഞ്ചായത്തിന് മുമ്പിൽ സമരവുമായി എത്തി.ഇതിന്റെ ഫലമായി സുധയുടെ വീട്ടിലേക്ക് മുച്ചക്രവാഹനം കയറാൻ റാമ്പ് നിർമിക്കുന്നതിനായി ഏഴ് ലക്ഷം രൂപ അനുവദിച്ചു.

റാമ്പ് നിർമാണം അശാസ്ത്രീയമായതിനാൽ സുധ പരാതി വീണ്ടും നൽകി. കരിങ്കല്ല് അടുക്കി നിർമിച്ച റാമ്പ് കുത്തനെയായതിനാൽ വാഹനം സുരക്ഷിതമായി വീട്ടിലേക്ക് ഇറക്കുന്നതിന് സാധിക്കില്ലെന്നാണ് സുധ പറയുന്നത്. അതോടെ റാമ്പ് നിർമാണം നിലച്ചു.

അടിയന്തരമായി ഇടപെടും

സുധയുടെ വീട്ടിലേക്കുള്ള വഴിയുമായി ബന്ധപ്പെട്ട വിഷയത്തിൽ അടിയന്തരമായി ഇടപെടും. അടുത്ത ദിവസം തന്നെ പഞ്ചായത്തിന്റെ എൻജിനീയർ സ്ഥലത്ത് വീണ്ടും പരിശോധന നടത്തും.-ടി.വി.പുഷ്പവല്ലി (ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, കലഞ്ഞൂർ).കൈകുത്തി നിരങ്ങി വീട്ടിലേക്ക് യാത്ര