മല്ലപ്പള്ളി : 75,000 രൂപ മുടക്കി വാങ്ങി വെച്ച കളർ ടെലിവിഷൻ സ്വീകരണമുറിക്ക് അലങ്കാരമാണ്. അത് പ്രവർത്തിക്കുന്നിടത്തോളം കാലം. കേടായാലൊ നന്നാക്കി ഉപയോഗിക്കുക തന്നെ. പക്ഷേ, തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്ത് ചെയ്യും. ഇ-വേസ്റ്റായി മാറും. അതുണ്ടാവാതെ മറ്റൊരുവഴി കണ്ടെത്തുകയായിരുന്നു നെടുങ്ങാടപ്പള്ളി വടക്കേപ്പറമ്പിൽ ജോൺ മാത്യു.

ദൂരദർശൻ തിരുവനന്തപുരം ഓഫീസിൽ ഉദ്യോഗസ്ഥനായ ഇദ്ദേഹം വിദേശത്തുനിന്ന് വരുത്തിയ 49 ഇഞ്ച് എൽ.ഇ.ഡി. ടി.വി.യാണ് ഒരുവർഷം കഴിഞ്ഞപ്പോൾ പണി മുടക്കിയത്. കോട്ടയത്ത് സർവീസ് സെന്ററിൽ ചെന്നപ്പോൾ പാനൽ ബോർഡ് പോയതായും മാറ്റിവെയ്ക്കാൻ കാൽ ലക്ഷം രൂപ കൂടി വേണമെന്നും അറിയിച്ചു. വിൽക്കാമെന്ന് വിചാരിച്ചപ്പോൾ 500 രൂപ തികച്ച് കിട്ടാത്ത സ്ഥിതി. ഇനിയും ഇതിനായി ഇത്രയും കാശ് മുടക്കാനില്ലെന്ന് തീരുമാനിച്ച ജോൺ മാത്യു പിന്നെ അവിടെ നിന്നില്ല.

നേരേ വീട്ടിൽവന്ന് ആശാരിയെ വിളിച്ച് ടി.വി.യുടെ അളവെടുപ്പിച്ചു. തേക്ക് തടിയിൽ അതിനൊത്ത സ്റ്റാൻഡ് പണിതെടുക്കാൻ താമസിച്ചുമില്ല. പോളീഷ് ചെയ്ത് ഭംഗിയാക്കി ഗ്ലാസിന് പകരം ടി.വി. സ്ഥാപിച്ചപ്പോൾ പൂമുഖത്ത് പിറന്നത് പുത്തനൊരു കോഫീ ടേബിൾ. രാവിലെ പത്രം വായനയും ചായ കുടിയുമെല്ലാം ഏറെ ഇഷ്ടപ്പെട്ട് വാങ്ങിയ ടി.വി.യോട് ഒപ്പം ആണെന്നത് ആശ്വാസം പകരുന്നതായി അദ്ദേഹം പറയുന്നു.

Content Highlight: Damaged TV  converted to coffee table