crpf
Photo Courtesy: twitter.com/crpfindia

മാവേലിക്കര : യുവാവിനെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി മർദിച്ച് റബ്ബർത്തോട്ടത്തിൽ ഉപേക്ഷിച്ച കേസിൽ പ്രതിയായ സി.ആർ.പി.എഫ്. ജവാനെ സർവീസിൽനിന്നു നീക്കി.

വഴുവാടിയിൽ വാടകയ്ക്കു താമസിച്ചിരുന്ന പന്തളം മങ്ങാരം അരുൺഭവനം അരുണി(25)നെയാണ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർവീസിൽനിന്നു നീക്കംചെയ്ത് സി.ആർ.പി.എഫ്. 53-ാം ബെറ്റാലിയൻ കമാൻഡന്റ് മേഘ്‌രാജ് ഉത്തരവായത്.

കഴിഞ്ഞ ഡിസംബർ 14-ന് പന്തളം മങ്ങാരം ആനക്കുഴി അരുൺഭവനം സുനിൽ (44), മുടിയൂർക്കോണം പുത്തൻവീട്ടിൽ കിഴക്കതിൽ പ്രകാശ് (40), ആനക്കുഴി അശ്വതിനിവാസ് സൂരജ് (26), അരുൺ എന്നിവർ കൊല്ലം ഇളംപള്ളൂർ കൊറ്റങ്കര വിഷ്ണുഭവനം വേണുകുമാറിനെ (46) ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി ആക്രമിച്ചവശനാക്കിയശേഷം പന്തളത്ത്‌ ആളൊഴിഞ്ഞ സ്ഥലത്തെ റബ്ബർത്തോട്ടത്തിൽ ഉപേക്ഷിച്ചതായാണു പോലീസ് കേസ്.

16 വർഷം മുൻപ്‌ കൊല്ലത്ത് വിവാഹവീട്ടിൽ ചോറിൽ മൊട്ടുസൂചി കണ്ടതു ചോദ്യംചെയ്ത സുനിലിനെ ചിലർ മർദിച്ചിരുന്നു. മർദിച്ചവരുടെ കൂട്ടത്തിൽ വേണുകുമാറും ഉണ്ടായിരുന്നെന്നാരോപിച്ചായിരുന്നു ആക്രമണം. തഴക്കരയിലെ ബന്ധുവീട്ടിലെത്തി തഴക്കര ആശാഭവനത്തിൽ അനുവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേയാണ് വേണുകുമാറിനെ തട്ടിക്കൊണ്ടുപോയത്. അരുൺ ഒഴികെ മറ്റു പ്രതികളെ പോലീസ് അന്ന് അറസ്റ്റുചെയ്തിരുന്നു.

സംഭവത്തിനുശേഷം ഒളിവിൽ പോയ അരുൺ ഹൈക്കോടതിയിൽനിന്നു ജാമ്യംനേടി. അരുൺ കേസിൽ പ്രതിയായതു ചൂണ്ടിക്കാട്ടി മാവേലിക്കര പോലീസ് സി.ആർ.പി.എഫിനു കത്തയച്ചു. ജമ്മു കശ്മീർ ബാരാമുള്ള 53-ാം ബെറ്റാലിയൻ മേധാവി നടത്തിയ വകുപ്പുതല അന്വേഷണത്തിൽ അരുണിനെതിരേ 2019-ൽ പത്തനംതിട്ട പോലീസിൽ മറ്റൊരു കേസും ഉണ്ടെന്നുകണ്ടെത്തി. ഇതേത്തുടർന്നാണു അരുണിനെ സർവീസിൽനിന്നു നീക്കംചെയ്തത്.