റാന്നി : കാറ്റിൽ മരംവീണ് വീട് തകർന്ന വലിയകാവ് ഓലിക്കൽ കലായിൽ ഉഷാകുമാരിക്ക്‌ നഷ്ടപരിഹാരത്തുക അനുവദിക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. ഉത്തരവായി. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടീലിനെ തുടർന്നാണ് നടപടി.

അഞ്ച് മാസം മുമ്പാണ് ഇവരുടെ വീടിന്റെ മുകളിൽ മരം വീണ് മേൽക്കൂര തകർന്നത്. ടാർപോളിൻ വലിച്ചുകെട്ടിയാണ് ഉഷാകുമാരിയും ഭർത്താവ് രാജപ്പനും രണ്ട് മക്കളുമടങ്ങിയ കുടുംബം വീട്ടിൽ കഴിഞ്ഞിരുന്നത്. സംഭവം നടന്നതിന്റെ അടുത്ത ദിവസം തന്നെ ഉഷാകുമാരി അങ്ങാടി വില്ലേജ് ഓഫീസിൽ നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകിയിരുന്നു. പിന്നീട് നഷ്ടപരിഹാരത്തിനായി റാന്നി താലൂക്ക് ഓഫീസ്, പത്തനംതിട്ട ജില്ലാ കളക്ടറേറ്റ് എന്നിവിടങ്ങളിൽ പലതവണ കയറിയിറങ്ങി.

എങ്കിലും ഫലം ഒന്നും ഉണ്ടായില്ല. പിന്നീടാണ് ഗ്രാമപ്പഞ്ചായത്തംഗം പി.എസ്. സതീഷ് കുമാറിന്റെ സഹായത്തോടെ ഉഷാകുമാരി മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയത്.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശത്തെ തുടർന്ന് പ്രശ്‌നത്തിൽ ഇടപെട്ട ജില്ലാ കളക്ടർ ദിവ്യ എസ്.അയ്യർ ഉഷാകുമാരിക്ക് നഷ്ടപരിഹാരത്തുക അനുവദിച്ച് ഉത്തരവാകുകയായിരുന്നു.

ജില്ലാ കളക്ടറുടെ ഉത്തരവ് ഗ്രാമപ്പഞ്ചായത്തംഗം പി.എസ്.സതീഷ് കുമാർ, ബ്‌ളോക്ക് പഞ്ചായത്തംഗം എം.എസ്.സുജ ബിനോയി എന്നിവർ ചേർന്ന് ഉഷാകുമാരിക്ക് കൈമാറി.