പത്തനംതിട്ട: വടക്കൻ കേരളത്തിലെ പ്രളയ ബാധിതരെ സഹായിക്കാൻ തങ്ങളുടെ വഞ്ചിയിലെ ചെറിയസമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ജഗന്നാഥും ഗൗരീ നന്ദയും. അച്ഛനും അമ്മയും സമ്മാനമായിതന്ന തുകകളും, വിഷുക്കൈനീട്ടവുമെല്ലാം ഇരുവരും മത്സരിച്ചാണ് സ്വരുക്കൂട്ടിയത്. പ്രളയത്തിൽ സകലതും നശിച്ചവരുടെ ബുദ്ധിമുട്ടുകൾ കണ്ടതിനെ തുടർന്ന് തങ്ങളുടെ ചെറിയ സമ്പാദ്യം സഹായമായി നൽകാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.
ഇതുപ്രകാരം വഞ്ചിയിലെ സമ്പാദ്യം ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ കളക്ടറെ കാണാൻ തീരുമാനിച്ചു. തുക ജില്ലാകളക്ടർ പി.ബി.നൂഹിന് കൈമാറി. റാന്നി ഉതിമൂട് കോർണർ സ്റ്റോൺ ഇന്റർനാഷണൽ സ്‌കൂളിലെ വിദ്യാർഥികളാണ് ഇരുവരും. ജഗന്നാഥ് നാലാംക്ലാസിലും, ഗൗരീ നന്ദ മൂന്നാംക്ലാസിലുമാണ് പഠിക്കുന്നത്.
കൈത്താങ്ങായി കുട്ടികൾ
പത്തനംതിട്ട: പ്രളയത്തെത്തുടർന്ന് ദുരിതം അനുഭവിക്കുന്നവർക്ക് താങ്ങായി കുട്ടികളുടെ സഹായ പ്രവാഹം. വിവിധ സ്കൂളുകളിൽനിന്നും വിദ്യാർഥികളും അധ്യാപകരും ചേർന്ന് സമാഹരിച്ച തുകയും അവശ്യസാധനങ്ങളും കളക്ടർക്ക് കൈമാറി. തിരുവല്ല മാന്താനം ദി ചോയിസ് സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് രണ്ടുലക്ഷം രൂപ കൈമാറി.
റാന്നി ഗവ.യു.പി.സ്കൂളിലെയും ചീക്കനാൽ ഗവ.എൽ.പി.സ്കൂളിലെയും വിദ്യാർഥികൾ അവശ്യസാധനങ്ങൾ നൽകി. കോഴഞ്ചേരി മുളമ്മൂട്ടിൽ സെൻട്രൽ സ്‌കൂൾ വിദ്യാർഥികൾ. സ്‌കൂളിൽനിന്നു പിരിച്ച തുകയായ 30,000 രൂപയുടെ സാധനങ്ങൾക്കുപുറമേ വീടുകളിൽനിന്നും ശേഖരിച്ച അവശ്യവസ്തുക്കളും കൈമാറി.
Content Highlights: School students donate their pocket money