മല്ലപ്പള്ളി : മണിമലയാറിന് കുറുകെ മല്ലപ്പള്ളി താലൂക്കിലുള്ള 11 പാലങ്ങളിൽ രണ്ടെണ്ണം മഹാപ്രളയത്തിൽ ഉപയോഗശൂന്യമായി. കോട്ടയം ജില്ലയിലെ വെള്ളാവൂർ പഞ്ചായത്തിനെ പത്തനംതിട്ടയിലെ കോട്ടാങ്ങലുമായി ബന്ധിപ്പിക്കുന്ന നൂലുവേലിക്കടവ് തൂക്കുപാലത്തിന്റെ ഒരുഭാഗം തകർന്നുവീണപ്പോൾ പുറമറ്റം-കല്ലൂപ്പാറ പഞ്ചായത്തുകളെ ഒന്നിപ്പിച്ചിരുന്ന കോമളം പാലത്തിന്റെ സമീപനപാതയാണ് പുഴയെടുത്തത്.

പ്രളയം കൊണ്ടുപോയ പാലങ്ങൾ
തുരുത്തിക്കാട് കരയിലെ സമീപനപാത പുഴയെടുത്തതിനെ തുടർന്ന് നദീമധ്യത്തിലെത്തി അവസാനിച്ചമട്ടിൽ വെണ്ണിക്കുളം കോമളം പാലം

മുണ്ടോലിക്കടവ്, പടുതോട് തുടങ്ങിയ പാലങ്ങൾക്ക് മുകളിലൂടെ നദി ഒഴുകുകയുംചെയ്തു. നൂലുവേലിക്കടവിൽ 2016-ൽ നിർമിച്ച പാലമാണ് അഞ്ച് വർഷത്തിനുള്ളിൽ തകർന്നത്. കെൽ ആണ് പണിതത്. മുടക്കിയ കോടികൾ പാഴായി. പൊളിഞ്ഞുവീണതിന് പകരം കോൺക്രീറ്റ് പാലം വേണമെന്നാണ് നാടിന്റെ ആവശ്യം. വാഹനങ്ങൾക്ക് കടന്നുപോകാനാകാത്ത ഇരുമ്പ് കയറിലെ പാലത്തിന് സിമന്റും കമ്പിയുംകൊണ്ട് നിർമിക്കുന്നതിനൊപ്പം ചെലവുവരുമെങ്കിലും നടന്നുപോകാൻ മാത്രമേ ഉപകരിക്കുന്നുള്ളൂ. അപകടസാധ്യതയാവട്ടെ കൂടുതലുമാണ്. കോമളംകടവിൽ 34 വർഷംമുമ്പ് പണിത സമീപനപാതയാണ് ഒഴുക്കെടുത്തത്. ഇവിടത്തെ പാലത്തിന്റെ പൊക്കവും തൂണുകൾ തമ്മിലുള്ള അകലവും കുറവാണ്.

പ്രളയം കൊണ്ടുപോയ പാലങ്ങൾ

ഇതുകാരണം പാലത്തിന്റെ സ്ലാബിനടിയിൽ വെള്ളം ഒഴുകാൻ വേണ്ടത്ര ഇടമില്ല. വെള്ളപ്പൊക്കക്കാലത്ത് മരങ്ങളും അവശിഷ്ടങ്ങളും തങ്ങിനിൽക്കുന്നതിനാൽ പാലം തടയണപോലെയാകുന്നു. സമീപനപാത ഒഴുകിപ്പോയില്ലായിരുന്നെങ്കിൽ പാലംതന്നെ തകരുന്ന സ്ഥിതിയായിരുന്നു. ഈ അപകടാവസ്ഥ കണക്കിലെടുത്ത് കോമളംപാലം ഉയരവും വീതിയും വർധിപ്പിച്ച് പുതുക്കിപ്പണിയുകയാണ് വേണ്ടത്.

ഇക്കാര്യത്തിൽ കാവനാൽകടവ് പാലം മാതൃകയാക്കാവുന്നതാണ്. ഓരോ വെള്ളപ്പൊക്കത്തിലും പാലങ്ങളുടെയും സമീപന പാതകളുടെയും സ്ഥിതി ദുർബലമാകുന്നത് പരിഗണിച്ച് ഇവയ്ക്ക് വാർഷിക പരിശോധന നിർബന്ധമാക്കിയിരുന്നു. പൊതുമരാമത്ത് വകുപ്പ് രേഖകളിൽ ഉണ്ടാകുമെന്നല്ലാതെ സ്ഥലത്ത് ശാസ്ത്രീയമായ വിലയിരുത്തൽ ഉണ്ടാകുന്നില്ല.