മല്ലപ്പള്ളി: ഏത്തക്കുലവില ഇടിയുന്നത് പ്രാദേശികകർഷകരെ സാമ്പത്തികപ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞവർഷം ഇതേസമയം ഒരുകിലോ ഏത്തക്കായയ്ക്ക് 60-65 രൂപ വില കിട്ടിയിരുന്നെങ്കിൽ, ഇക്കുറി 40 രൂപയാണു ലഭിക്കുന്നത്. തമിഴ്‍നാട്ടിൽനിന്നുള്ള നിലവാരം കുറഞ്ഞ ഏത്തക്കുലകൾ കിലോയ്ക്ക് 22 രൂപവരെ താഴ്ന്ന നിരക്കിൽ കച്ചവടക്കാർക്കു കിട്ടുന്നതാണ് നാടൻ കായ്കളുടെ വിലയിടിയാൻ പ്രധാന കാരണം.

നിരോധിത കീടനാശിനികൾ തളിച്ച, ഒരേപോലെ പാകമാക്കിയെടുക്കുന്ന പാണ്ടിക്കുലകൾ വയനാട്ടിൽനിന്നെന്ന വ്യാജേനയാണ് നാടൻകായ തേടിയെത്തുന്നവർക്കും വ്യാപാരികൾ നൽകുന്നത്. പെട്ടിഓട്ടോയിലുംമറ്റും വഴിയരികിൽ വിൽക്കുന്നവരും ഇതേനയമാണ് വില്പനയിൽ സ്വീകരിക്കുന്നത്. മികച്ച കർഷകസമിതിക്കുള്ള ജില്ലാതല പുരസ്കാരം പലതവണ നേടിയിട്ടുള്ള പുറമറ്റം ഹരിതസംഘം ഇത്തവണ 8000 ഏത്തവാഴയാണു നട്ടത്. എല്ലാം കുലച്ച് വിളഞ്ഞുനിൽക്കുന്നു. പാട്ടത്തിനു സ്ഥലമെടുത്താണ് കൃഷിയിറക്കിയത്. ആറ്റിൽനിന്ന് ആഴ്ചയിലൊരിക്കൽ വെള്ളമടിച്ചാണ് വളർത്തിയത്. കുടം പൊട്ടുംമുൻപ് നാട്ടിക്കെട്ടാൻതന്നെ മുക്കാൽലക്ഷം രൂപ ചെലവായി.

ഇപ്പോൾ വാഴയൊന്നിന് 300 രൂപയിലധികം ചെലവു വന്നതായി സംഘം പ്രസിഡന്റ് പെരുമ്പുഴക്കാട്ടിൽ കെ.ആർ.ഉണ്ണിക്കൃഷ്ണൻ നായരും സെക്രട്ടറി പ്ലാത്താനത്ത് ഓമനക്കുട്ടൻപിള്ളയും പറയുന്നു. 40 രൂപയായി വില താണത് കടക്കെണിയിലാക്കുമെന്നാണ് ഇവരുടെ ഭീതി. വിത്തും വളവും ഇനത്തിൽ പുറമറ്റം പഞ്ചായത്ത് സഹായിക്കുന്നതുമാത്രമാണ് ഏക ആശ്വാസം. ഗുണവും മധുരവുമുള്ള നാടൻ നേന്ത്രപ്പഴം തിരഞ്ഞെടുക്കാൻ ഉപഭോക്താക്കൾ തയ്യാറായാൽമാത്രമേ നിലവാരം കുറഞ്ഞവയെ വിപണിയിൽനിന്നു പുറത്താക്കാൻ കഴിയൂ എന്ന് കർഷകർ പറയുന്നു.

Content Highlights: Banana farmers on crisis due to price decrease