സീതത്തോട്, ചിറ്റാർ, പെരുനാട്, പഴവങ്ങാടി കൃഷിഭവനുകളിൽ ഓഫീസർമാരില്ല

സീതത്തോട് : 70 വയസ്സ്‌ പിന്നിട്ട പുത്തൻപറമ്പിൽ മത്തായി സീതത്തോട്ടിലെ മികച്ച കർഷകനാണ്. ഒരു മാസമായി ആഴ്ചയിൽ ഒന്നുംരണ്ടും ദിവസം വീതം അദ്ദേഹം കൃഷിഭവനിൽ കയറിയിറങ്ങുന്നു. വിളകളിലെ ചില സംശയം തീർക്കണം. രണ്ടുമൂന്ന് അപേക്ഷകളും നൽകാനുണ്ട്. പെൻഷന്റെ പ്രശ്നമൊന്നു ശരിയാക്കണം. പിന്നെ കൃഷി ഓഫീസറുമായി പതിവുപോലെ കാര്യങ്ങളൊക്കെയൊന്ന്‌ സംസാരിക്കണം. ഇത്രേയുള്ളു കാര്യം. എന്നാലിതൊന്നും ഈ കൃഷിഭവനിൽ നടപ്പില്ല. കാരണം ഇവിടെ കൃഷി ഓഫീസറില്ലാതായിട്ട് നാളേറെയായി.റാന്നി ബ്ലോക്കിലെ മിക്ക കൃഷിഭവനുകളുടെയും സ്ഥിതി വ്യത്യസ്തമല്ല. കാരണം ബ്ലോക്കിലെ കൃഷിഭവനുകളധികവും നാഥനില്ലാതായിട്ട് നാളേറെയായി. ഇതൊന്നും കൃഷിവകുപ്പിന് അറിയാഞ്ഞിട്ടുമല്ല. പദ്ധതികളുടെ ബാഹുല്യം കാരണം ഒരു കൃഷി ഓഫീസർക്ക് സ്വന്തം കൃഷിഭവനിലെ ജോലികൾപോലും സമയത്ത് ചെയ്തുതീർക്കാനാകില്ല. അപ്പോഴാണ് രണ്ട്‌ കൃഷിഭവനുകളുടെ ചാർജ് ഒരു ഓഫീസറുടെ തലയിൽ കെട്ടിവച്ച് കൃഷിവകുപ്പ് വെല്ലുവിളി നടത്തുന്നത്. ഫലത്തിൽ രണ്ട് കൃഷിഭവനുകളുടെയും പ്രവർത്തനം താളം തെറ്റുമെന്ന് ജീവനക്കാർ പറയുന്നു.

ഒൻപത് കൃഷിഭവനുകളാണ് ബ്ലോക്കിലുള്ളത്. ഇതിൽ സീതത്തോട്, ചിറ്റാർ, പെരുനാട്, പഴവങ്ങാടി കൃഷിഭവനുകളിൽ ഓഫീസർമാരില്ല. ഈ മാസംതന്നെ അങ്ങാടി കൃഷി ഓഫീസർ അവധിയിൽ പ്രവേശിക്കുന്നതോടെ അവിടെയും ആളില്ലാതാകും. മറ്റ് ജീവനക്കാരുടെ സ്ഥിതിയും വ്യത്യസ്തമല്ല. കോവിഡ് കാരണം ദൂരെ സ്ഥലങ്ങളിലുള്ള പല ഉദ്യോഗസ്ഥർക്കും ജോലിക്കെത്താനാകുന്നില്ല.

പദ്ധതികളേറെ

ബ്ലോക്കിലെ കൃഷിഭവനുകൾ കേന്ദ്രീകരിച്ച് നിരവധി പദ്ധതികളാണിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കോവിഡ് പ്രതിസന്ധികൂടി എത്തിയതോടെ ഗ്രാമപ്രദേശങ്ങളിൽ കാർഷികമേഖലയിൽ കൂടുതൽ ഉണർവ് വന്നിട്ടുണ്ട്. പി.എം. കിസാൻ പദ്ധതി, സുഭലം സുജലം, സുഭിക്ഷ കേരളം പദ്ധതി, ജനകീയാസൂത്രണം, കയർഭൂവസ്ത്രകൃഷി, വിവിധ വിള ഇൻഷുറൻസ് തുടങ്ങി കർഷകർക്കായുള്ള നിരവധി പദ്ധതികളാണ് നടക്കുന്നത്. എന്നാൽ ഇവയെല്ലാം മിക്ക കൃഷിഭവനുകളിലും നിലച്ച സ്ഥിതിയാണ്. വിപണനകേന്ദ്രങ്ങളെല്ലാം നിലച്ചു. കൃഷിഭവനുകളുടെ സഹകരണത്തോടെ പ്രവർത്തിച്ചിരുന്ന വിപണനകേന്ദ്രങ്ങളുടെ പ്രവർത്തനം കൃഷി ഓഫീസർമാരില്ലാതായ സ്ഥലങ്ങളിൽ നിലച്ചു. ചിറ്റാറിൽ മാത്രം രണ്ട് വിപണനകേന്ദ്രങ്ങളാണ് പ്രവർത്തിച്ചിരുന്നത്.