ഇരവിപേരൂർ: മേതൃക്കോവിലിൽ പര്യാത്ത് കുളത്തിന്റെയും റോഡിന്റെയും പരിധി കണ്ടെത്തി അളന്നു തിട്ടപ്പെടുത്തുന്നതിനുള്ള സർവേ നടപടികൾ 16-ന് നടത്തുമെന്ന് റവന്യൂ അധികൃതർ അറിയിച്ചു. ഇതിന്റെ പ്രാഥമിക നടപടിയുടെ ഭാഗമായി പഞ്ചായത്തിനും ബന്ധപ്പെട്ട വീട്ടുകാർക്കും ഇക്കാര്യം അറിയിച്ച് നോട്ടീസ് നൽകും. താലൂക്കിലെ സർവേസംഘമാകും അളവ് നടത്തുക. റവന്യൂരേഖകൾ പ്രകാരം കുളത്തിന്റെയും റോഡിന്റെയും ഭാഗങ്ങൾ തിട്ടപ്പെടുത്തി നൽകും. മേതൃക്കോവിൽ പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇവിടെ അളവ് നടത്തുന്നതിനായി കഴിഞ്ഞ ദിവസം താലൂക്ക് സർവേസംഘം എത്തിയിരുന്നു. വിവരമറിഞ്ഞ പഞ്ചായത്ത് സെക്രട്ടറി സർവേസംഘത്തോട് വിവരങ്ങൾ തേടി. ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് എത്തിയതെന്ന കാര്യം അറിയിച്ചെങ്കിലും നോട്ടീസ് നൽകിയിട്ട് അളന്നാൽ മതിയെന്ന നിലപാട് പഞ്ചായത്ത് അധികൃതർ സ്വീകരിച്ചതോടെ സർവേസംഘം മടങ്ങിയിരുന്നു. കുളത്തിന്റെ പരിധി സംബന്ധിച്ചും പാതയിലെ വെള്ളക്കെട്ട് വിഷയവും മുഖ്യമന്ത്രിക്ക് പരാതിയായി സി.പി.എം. മേതൃക്കോവിൽ ബ്രാഞ്ച് കമ്മിറ്റി നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് തുടർനടപടികൾ. വാർഡ്മെമ്പറും ഭരണസമിതി അംഗവുമായ ഗീതാ അനിൽകുമാറിന്റെ സാന്നിദ്ധ്യത്തിലായിരുന്നു അളവ് നടന്നത്.
അറിയിച്ചില്ല
കുളവും റോഡും പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെടുന്നതാണ്. അവിടെ അളവ് നടത്തുമ്പോൾ തങ്ങളെ അറിയിക്കേണ്ടതാണ്. ഇക്കാര്യം ഫോൺ മുഖേന പോലും റവന്യൂ അധികൃതർ ധരിപ്പിച്ചിരുന്നില്ല. നാട്ടുകാർ പറഞ്ഞാണ് വിവരം അറിഞ്ഞത്. മേതൃക്കോവിലിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട വിഷയം പലതവണ താലൂക്ക് സഭയിൽ ഉന്നയിച്ചതാണ്. അന്നൊന്നും ബന്ധപ്പെട്ടവർ അനങ്ങിയിട്ടില്ല. എന്ത് അടിയന്തര സാഹചര്യമുണ്ടായിട്ടാണ് ഇപ്പോൾ അറിയിപ്പ് നൽകാതെ അളക്കാൻ എത്തിയത്. അതുകൊണ്ടാണ് നോട്ടീസ് നൽകിയിട്ട് അളന്നാൽ മതിയെന്ന് പറഞ്ഞത്. അഡ്വ. എൻ.രാജീവ്, വൈസ് പ്രസിഡന്റ്, ഇരവിപേരൂർ.
പരാതിയുമായി സി.പി.എം.
കൈയേറ്റം അളക്കാനെത്തിയ സർവേസംഘത്തെ തിരിച്ചയച്ച പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിക്കെതിരെ ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്ന് സി.പി.എം. ഏരിയാ സെക്രട്ടറി പി.സി.സുരേഷ് കുമാർ പറഞ്ഞു. മുഖ്യമന്ത്രിക്ക് പാർട്ടി നൽകിയ പരാതിയിലാണ് സർക്കാർ നടപടി. നാടിനെ ബാധിക്കുന്ന വിഷയങ്ങളിൽ ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.