പത്തനംതിട്ട/കോന്നി: പൊൻകുന്നം-പുനലൂർ റോഡിന്റെ ഭാഗമായുള്ള പ്ളാച്ചേരി-കോന്നി റോഡിന്റെ നിർമാണോദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് 3.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. റോഡിന്റെ നിർമാണ കാലയളവ് 24 മാസമായിട്ടാണ് നിശ്ചയിച്ചിട്ടുള്ളത്. 30.16 കിലോമീറ്ററാണ് നീളം. കോന്നി, പത്തനംതിട്ട, റാന്നി, പഴയങ്ങാടി വില്ലേജുകളിൽ കൂടിയാണ് റോഡ് കടന്നുപോകുന്നത്. കുമ്പഴ, മൈലപ്ര, മണ്ണാറക്കുളഞ്ഞി, ഉതിമൂട്, റാന്നി വഴിയാണ് പ്ലാച്ചേരിയിൽ എത്തുന്നത്. ഇതിന്റെ പൂർത്തീകരണത്തിനുശേഷം അഞ്ച് വർഷം മെയിന്റനൻസ് കാലാവധിയും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റ് രണ്ട് റീച്ചുകളുടെ നിർമാണ പ്രവർത്തനവും ടെൻഡർ നടപടികൾ പൂർത്തീകരിച്ച് സെപ്റ്റംബറിൽ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.

10 മീറ്റർ വീതിയിലാണ് ബി.എം. ആൻഡ് ബി.സി. ഉപരിതലം നിർമിക്കുന്നത്. വശങ്ങളിൽ ഓടകൾ, ഫുട്പാത്ത്, വീതി കുറഞ്ഞ പാലങ്ങളെ വീതി കൂട്ടുകയോ സമാന്തര പാലങ്ങൾ നിർമിക്കുകയോ ചെയ്യുക, റോഡ് സുരക്ഷയ്ക്ക് അതീവ മുൻഗണന നൽകുക എന്നിവയും പദ്ധതിയിൽ ലക്ഷ്യമിടുന്നു. കോന്നി ചന്ത മൈതാനിയിലാണ് ഉദ്ഘാടന ചടങ്ങ്. മന്ത്രി ജി.സുധാകരൻ അധ്യക്ഷത വഹിക്കും.

രണ്ട് ദേശീയപാതകളെ ബന്ധിപ്പിക്കുന്ന 82 കി.മീ നീളമുള്ള പൊൻകുന്നം- പുനലൂർ റോഡ് ഇ.പി.സി. മാതൃകയിൽ 737.64 കോടി രൂപ ചെലവഴിച്ചാണ് നിർമിക്കുന്നത്. പുനലൂർ മുതൽ കോന്നിവരെയും (29.84 കി.മീ), കോന്നി മുതൽ പ്ലാച്ചേരി വരെയും (30.16 കി.മീ) പ്ലാച്ചേരി മുതൽ പൊൻകുന്നം (22.173) എന്നിങ്ങനെ മൂന്നായി തിരിച്ചാണ് പ്രവൃത്തി.

ഗതാഗത സൗകര്യം മെച്ചപ്പെടും

കൊല്ലം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലെ ഗ്രാമങ്ങളുടെ വികസനത്തിനും പുനലൂർ - പൊൻകുന്നം റോഡിന്റെ അഭിവൃദ്ധി പ്രവർത്തനങ്ങൾക്ക് സഹായകമാകുന്ന വിധത്തിലാണ് കോന്നി - പ്ലാച്ചേരി റോഡ്. എം.സി. റോഡിന് ഒരു ഇതര മാർഗമായ പുനലൂർ - പൊൻകുന്നം റോഡ് വികസിപ്പിക്കുന്നതോടുകൂടി കേരളത്തിന്റെ മലയോരപ്രദേശങ്ങളിൽനിന്നു എറണാകുളം, തിരുവനന്തപുരം ജില്ലകളിലേക്കുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ സഹായകമാകും. ശബരിമലയിലേക്കുള്ള തീർഥാടകരുടെ ഗതാഗത സൗകര്യം കൂട്ടുന്നതിനും ഇത് സഹായമാകും.

- ജി.സുധാകരൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി.