വേദന കടിച്ചമർത്തി ആൻ മറിയം നേടിയത് എ പ്ലസ്
• ആൻ മറിയം പ്രത്യേകം തയ്യാറാക്കിയ കസേരയിലിരുന്ന് പരീക്ഷയെഴുതുന്നു(ഫയൽ ചിത്രം)

പന്തളം : കാലിലെ വേദനയ്ക്കും വിധിയുടെ പരീക്ഷണങ്ങൾക്കും ആൻമറിയം തോമസിനെ പരാജയപ്പെടുത്താനായില്ല. സ്വന്തം കൈപ്പടയിൽ പരീക്ഷയെഴുതി വിജയിക്കണമെന്ന കൊച്ചുമിടുക്കിയുടെ ഉറച്ച തീരുമാനം ആൻ മറിയം തോമസിന് സമ്മാനിച്ചത് എ പ്ലസിന്റെ തിളക്കം.

തുമ്പമൺ എം.ജി.എച്ച്.എസിലെ സയൻസ് ബാച്ച് വിദ്യാർഥിയാണ് ആൻ മറിയം തോമസ്. കോവിഡിൽ സ്കൂളിൽ ക്ലാസില്ലാത്തതിനാൽ അധ്യാപകരെ നേരിൽക്കണ്ട് സംശയംതീർക്കാൻ ഇടയ്ക്ക് ഈ വിദ്യാർഥിനി സ്കൂളിലെത്തുമായിരുന്നു. ഫെബ്രുവരി അവസാനവാരം സംശയനിവാരണത്തിനായി സ്കൂളിലെത്തി അമ്മയോടൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങമ്പോഴായിരുന്നു ടോറസ് ലോറി ഇടിച്ചുണ്ടായ അപകടം. വലതുകാലിന്റെ സന്ധിയോടുചേർന്ന ഭാഗം അറ്റുപോകുകയും കാലുകളിലേക്കുള്ള ഞരമ്പുകൾക്കും രക്തക്കുഴലുകൾക്കും പരിക്കുപറ്റുകയും തുടയെല്ലുകൾ ഒടിയുകയും ചെയ്തു. കോട്ടയം മാതാ ആശുപത്രിയിൽ നിരവധി ശസ്ത്രക്രിയകൾക്ക് വിധേയമായി. വേദനയ്ക്കിടയിലും പഠനം മുടക്കിയില്ല.

പരീക്ഷ ഇരുന്നെഴുതാൻ സാധിക്കാത്തതിനാൽ ഒരുസഹായിയെ വെയ്ക്കുവാൻ ഉത്തരവ് ലഭിച്ചെങ്കിലും സ്വന്തം കൈപ്പടയിൽ പരീക്ഷയെഴുതണമെന്ന തീരുമാനത്തിൽ ആൻ ഉറച്ചുനിന്നു. പ്രത്യേകമായി തയ്യാറാക്കിയ ചാരുകസേരയിൽകിടന്ന് ആൻ പരീക്ഷയെഴുതി. വേദനയെ തോൽപ്പിച്ച വിജയത്തിന് ഇരട്ടി മധുരമായിട്ടാണ് ഫലം വന്നത്. ദൈവത്തിനും എല്ലാ പിന്തുണയും നൽകി കൂടെനിന്ന പ്രിൻസിപ്പൽ ജസ്സൻ വർഗീസിനും മറ്റ് അധ്യാപകർക്കും ചികിത്സിച്ച ഡോക്ടർമാർക്കും, ശുശ്രൂഷിച്ച നഴ്‌സുമാർക്കും പിന്തുണ നൽകി, കൂടെനിന്ന കൂട്ടുകാർക്കുമെല്ലാം നന്ദി അറിയിക്കുകയാണ് ആൻ.

കൊടുമൺ സെന്റ് ബഹനാൻസ് ഓർത്തഡോക്‌സ് പള്ളി വികാരി ഉളനാട് വടക്കേടത്ത് ഗ്രേസ് വില്ലയിൽ ഫാ. ബിനു തോമസിന്റെയും അധ്യാപികയായ രജനി ജോണിന്റെയും മകളാണ്.