പന്തളം : പന്തളം മങ്ങാരം എം.എസ്.എം. നിവാസികൾക്ക് തലവേദനയായ പരുന്ത് ഒടുവിൽ വലയിൽ. പരുന്തിന്റെ ആക്രമണത്തിൽനിന്ന്‌ രക്ഷപ്പെടാൻ മുഖം മറച്ചായിരുന്നു നാട്ടുകാർ പുറത്തിറങ്ങാറ്. മുറ്റത്തിറങ്ങിയാൽ തലയിലോ മുഖത്തോ കൊത്തുകയോ മാന്തുകയോ ചെയ്യും. കോഴികളെയും പൂച്ചയെയും കണ്ടാൽ വിടില്ല. എത്ര ദൂരെയായാലും പറന്നെത്തി റാഞ്ചിക്കൊണ്ടുപോകും. സഹിക്കവയ്യാതായപ്പോൾ ഒടുവിൽ നാട്ടുകാർതന്നെ കുടുക്കി.

രണ്ടുവർഷമായി മന്നം ആയുർവേദ മെഡിക്കൽ കോളേജിനുസമീപം ചുറ്റിപ്പറന്നിരുന്ന പരുന്ത് വില്ലനായി രംഗത്തെത്തിയിട്ട് ഒരുവർഷത്തോളമായി.

നെടുങ്ങോട്ട് വീട്ടിൽ പൊന്നച്ചൻ, തോമസ്, രാജൻ എന്നിവരുടെ വീട്ടിലായിരുന്നു പരുന്തിന്റെ വിളയാട്ടം. പലർക്കും തലയിലും മുഖത്തും മുറിവുപറ്റി.

സഹിക്കവയ്യാതായപ്പോൾ പന്തളം ജനമൈത്രി പോലീസിന്റെ സഹായത്തോടെ വനംവകുപ്പിൽ വിവരമറിയിക്കുകയായിരുന്നു. പരുന്തിനെ പിടിക്കാൻ സംവിധാനമില്ലാത്തതിനാൽ പിടിച്ചുതന്നാൽ കൊണ്ടുപോയിക്കൊള്ളാമെന്ന് വനംവകുപ്പുദ്യോഗസ്ഥർ അറിയിച്ചു. നാട്ടുകാർതന്നെ കുടുക്കാനുള്ള കെണിയൊരുക്കി.

പൂച്ചയെ കാണിച്ച് പരുന്തിനെ വരുത്തിയെങ്കിലും മൂന്നാമത്തെ ദിവസമാണ് വലയിൽ വീഴ്‌ത്താനായത്. വനംവകുപ്പ് കൊണ്ടുവന്ന കൂട്ടിലാക്കിയ വില്ലനെ വനത്തിൽ തുറന്നുവിടാനായി റാന്നിയിലേക്ക് കൊണ്ടുപോയി.