പന്തളം: മഴക്കാലമായതോടെ കുളനട, മെഴുവേലി പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ രാമൻചിറയിൽ മാത്രമായി ഒതുങ്ങിനിന്ന ആഫ്രിക്കൻ ഒച്ചിന്റെ ശല്യം കുളനട പഞ്ചായത്തിലെ ഉള്ളന്നൂരിലേക്കും വ്യാപിച്ചു. കുപ്പണ്ണൂർ പുഞ്ചയുടെ തീരത്തുള്ള വീടുകളിലാണ് ഒച്ചിന്റെ ശല്യം കണ്ടുതുടങ്ങിയത്. കൃഷി നശിപ്പിക്കുകയും കിണർ വൃത്തികേടാക്കുകയും ചെയ്യുന്ന ആഫ്രിക്കൻ ഒച്ച് രാമൻചിറക്കാരുടെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് ആറുവർഷമായി. ആദ്യകാലത്ത് മെഴുവേലി പഞ്ചായത്തിലെ രാമൻചിറയിൽ മാത്രമായി കണ്ടുവന്ന ഒച്ചിന്റെ ശല്യം ഇപ്പോൾ തുമ്പമൺ വടക്ക് ഭാഗത്തു മുഴുവൻ വ്യാപിച്ചുകഴിഞ്ഞു.

വർഷങ്ങളായി മഴക്കാലത്താണ് ഒച്ച് രാമൻചിറയിൽ ഭീതി പരത്തുന്നത്. കൃഷിയിടത്തിലെ വാഴ, ചേന, കാച്ചിൽ, പയർ മറ്റു പച്ചക്കറിയിനങ്ങൾ എന്നിവയെല്ലാം ഒച്ച് തിന്നൊടുക്കും. ഈർപ്പമുള്ള ഭാഗത്ത് കൂടുതലായി കാണുന്ന ഒച്ച് കിണറുകളിലിറങ്ങുന്നതാണ് നാട്ടുകാരെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നത്. വീടിന്റെയും ചുറ്റുമതിലിന്റെയും ഭിത്തിയിൽ പറ്റിപ്പിടിച്ചിരുന്ന് സിമന്റും കുമ്മായവും കാർന്നുതിന്ന് നശിപ്പിക്കുകയും ചെയ്യും. തുരിശു ലായനി ഒഴിച്ചും ഉപ്പുപയോഗിച്ചും ഇതിനെ നശിപ്പിക്കുകയാണ് നാട്ടുകാർ ചെയ്യുന്നത്. എത്ര നശിപ്പിച്ചാലും ഇതിന്റെ വംശവർദ്ധന തടയാനാകുന്നില്ല. ഒച്ചിനെ തുരത്താൻ പലമാർഗങ്ങളുമായി വിദഗ്ധർ സ്ഥലത്തെത്തിയിരുന്നെങ്കിലും ഇതിനെ പൂർണമായി ഒഴിവാക്കാൻ ഇതുവരെ കഴിഞ്ഞില്ല.

വെള്ളക്കെട്ടും ഈർപ്പവുമുള്ള പ്രദേശമായ രാമൻചിറയിൽ മാത്രമായി കണ്ടുവരുന്ന ആഫ്രിക്കൻ ഒച്ച് മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതാണ് ഇവിടെ ഭീതിയുണ്ടാക്കുന്നത്. തുമ്പമൺ വടക്ക്ഭാഗത്ത് മതിലിലും വീടുകളുടെ ഭിത്തിയിലും പറ്റിപ്പിടിച്ചിരിക്കുന്ന ഒച്ചിനെ നശിപ്പിക്കുന്നത് വളരെ ശ്രമകരമായ ജോലിയാണ്. പകൽ സമയത്ത് ചൂടിൽനിന്നു രക്ഷനേടാൻ ഒളിഞ്ഞിരിക്കുന്ന ഒച്ച് രാത്രിയിലാണ് പുറത്തിറങ്ങി കൃഷിയിങ്ങളിലെത്തുന്നത്.

Content Highlights: African snail increases in Kulanada Pathanamthitta.