ആറന്മുള: ശബരിമല വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന ദേവസ്വം ബോർഡ് നിലപാട് വൈകിവന്ന വിവേകമാണെന്ന് എ.ഐ.സി.സി. സെക്രട്ടറി പി.സി.വിഷ്ണുനാഥ്. ആറന്മുള ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ആറന്മുളയിലെ ദേവസ്വം കമ്മിഷണർ ഓഫീസിനു മുൻപിൽ സംഘടിപ്പിച്ച ശബരിമല സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സുപ്രിം കോടതിയിൽ സത്യവാങ്മൂലം കൊടുക്കുന്നതിന് മുൻപായിരുന്നു ദേവസ്വം ബോർഡ് ഈ ചർച്ച നടത്തിയിരുന്നതെങ്കിൽ ഈ വിധി ഉണ്ടാകുമായിരുന്നില്ല. ശബരിമല വിഷയത്തിൽ എല്ലാ സമയത്തും വിശ്വാസികൾക്കൊപ്പം നിലപാട് മാറ്റാതെ നിലയുറപ്പിച്ച ഏക രാഷ്ട്രീയ പാർട്ടി കോൺഗ്രസ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാധാ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ. കെ.ശിവദാസൻ നായർ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി. പ്രസിഡന്റ് ബാബു ജോർജ് രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.മോഹൻരാജ്, മാലേത്ത് സരളാദേവി, പഴകുളം മധു, കെ.കെ.റോയ്‌സൺ, എ.സുരേഷ് കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, ജോർജ് മാമ്മൻ കൊണ്ടൂർ എന്നിവർ പ്രസംഗിച്ചു.

ഉപവാസസമരത്തിന് മുന്നോടിയായി സമരക്കാർ ആറന്മുള ക്ഷേത്രനടയിൽ കർപ്പൂരം കൊളുത്തി നാമജപത്തോടെയാണ് സമരപ്പന്തലിൽ എത്തിയത്. പന്തളം രാജപ്രതിനിധി അശോകവർമയുടെ നേതൃത്വത്തിൽ പന്തളത്തുനിന്ന് നിലയ്ക്കലിലേക്ക് സംഘടിപ്പിച്ച നാമജപ വാഹനഘോഷയാത്രയ്ക്ക് കെ.ശിവദാസൻ നായരുടെ നേതൃത്വത്തിൽ ആറന്മുളയിൽ സ്വീകരണം നൽകി.