കോന്നി : അരുവാപ്പുലം പഞ്ചായത്ത് കമ്മിറ്റിയിൽ വാക്കേറ്റവും ഇറങ്ങിപ്പോക്കും. തെരുവുവിളക്ക് പ്രകാശിക്കാത്തതുമായി ബന്ധപ്പെട്ട് ഒന്നാം വാർഡിൽ നില നിൽക്കുന്ന പ്രശ്നം വൈസ് പ്രസിഡന്റ് പഞ്ചായത്ത് കമ്മിറ്റിയിൽ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് സംഭവങ്ങൾ.

തെരുവുവിളക്ക് പ്രകാശിക്കാത്തതുമായി ബന്ധപ്പെട്ട് പത്താം വാർഡ് മെമ്പർ ബാബു എസ്. നായർ ഉന്നയിച്ച ചോദ്യത്തിന് സഭാ നടപടികൾക്ക് ചേരാത്തവിധം പ്രസിഡന്റ് മറുപടി പറഞ്ഞെന്നാരോപിച്ച് പ്രതിപക്ഷാംഗങ്ങൾ ബഹളംവച്ചു.

തുടർന്ന് പഞ്ചായത്ത് കമ്മിറ്റിയിൽനിന്ന് പ്രസിഡന്റ് ഇറങ്ങിപ്പോയി .പഞ്ചായത്തിന്റെ നടപടിയിൽ പ്രതിഷേധിച്ചും അടിയന്തരമായി തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഒാഗസ്റ്റ് രണ്ടിന് യു.ഡി.എഫ്. പഞ്ചായത്ത് ഓഫീസ് പടിക്കൽ ധർണ നടത്തുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റും ഗ്രാമപ്പഞ്ചായത്ത് അംഗവുമായ ജി.ശ്രീകുമാർ അറിയിച്ചു.