മല്ലപ്പള്ളി : പൊതുമരാമത്തുവകുപ്പ് കനിഞ്ഞാൽ മല്ലപ്പള്ളി താലൂക്കിലെ മൂന്ന് പഞ്ചായത്തുകളിൽ ശുദ്ധജലമെത്തും. റോഡിൽ പൈപ്പ് കുഴിച്ചിടുന്ന ഭാഗങ്ങൾ നന്നാക്കാൻ വേണ്ടിവരുന്ന 3.46 കോടി രൂപ പിന്നീട് മതിയെന്ന് പി.ഡബ്ല്യു.ഡി. സമ്മതിച്ചാൽ മതി. എന്നാൽ പണം കിട്ടിയിട്ട് മതി പണി എന്ന കടുംപിടിത്തത്തിൽ 30 കോടിയുടെ ശുദ്ധജലപദ്ധതിയാണ് മുടങ്ങിക്കിടക്കുന്നത്.

മല്ലപ്പള്ളി, ആനിക്കാട് പഞ്ചായത്തുകൾ പൂർണമായും കോട്ടാങ്ങലെ 1,2,3,11,12,13 വാർഡുകളും ഉൾപ്പെടുന്ന വൻകിട പ്രോജക്ടാണ് തടസ്സപ്പെട്ടിരിക്കുന്നത്. ശുദ്ധീകരണം ഇല്ലാത്തതിനാൽ പൈപ്പുകളിൽ കൂടി ഇപ്പോൾ കലക്കവെള്ളമാണ് വിതരണം ചെയ്യുന്നതെന്ന പരാതിക്കിടയിലാണ് ഈ വടംവലി

ജനപ്രതിനിധികൾ മൗനത്തിൽ

മറ്റ് ജോലികൾ പൂർത്തിയായിട്ടും മണിമലയാറ്റിലെ കോഴിമണ്ണിൽ കടവിൽനിന്ന് പുളിക്കാമലയിലെ ശുദ്ധീകരണശാലയിലേക്ക് പൈപ്പുകൾ ഇടാൻ കഴിഞ്ഞിട്ടില്ല. പൈപ്പ് ഇട്ടശേഷം റോഡ് പൂർവസ്ഥിതിയിലാക്കാൻ 3.46 കോടി രൂപ പൊതുമരാമത്ത് വകുപ്പിന് നൽകണം. ഇക്കാര്യത്തിനായി ഫണ്ട് ആവശ്യപ്പെട്ട് സർക്കാരിലേക്ക് എഴുതിയിട്ട് വർഷമൊന്ന് കഴിഞ്ഞു. എന്നാൽ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വാട്ടർ അതോറിറ്റി അടൂർ പ്രോജക്ട് ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയർ പറയുന്നു. തുക ലഭിക്കുന്നതിലെ കാലതാമസം അംഗീകരിക്കാൻ പി.ഡബ്ല്യു.ഡി. തയ്യാറായാൽ മണിമലയാറ്റിലെ വെള്ളം പുളിക്കാമല ശുദ്ധീകരണശാലയിൽ എത്തിയേനെ.

ടാർ ചെയ്തിട്ട് വെട്ടിപ്പൊളിക്കാൻ നീക്കം

പൈപ്പിടേണ്ട റോഡുകളിൽ പലതും ഉടനെ ടാർ ചെയ്യുന്നുണ്ട്. ഇവിടെ പൈപ്പ് ഇട്ടശേഷം പണി ചെയ്യാവുന്നതേയുള്ളൂ. ടാർ ചെയ്തശേഷം പൈപ്പിടാൻ പണം അനുവദിച്ച് പ്രവൃത്തി നടപ്പാക്കുമ്പോൾ വീണ്ടും വെട്ടിപ്പൊളിക്കേണ്ടിവരും. എന്നാൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടാനോ അധികാരികളിൽ സമ്മർദം ചെലുത്താനോ ജനപ്രതിനിധികളോ രാഷ്ട്രീയപാർട്ടികളോ മനസ്സുവച്ചിട്ടില്ല. വാട്ടർ അതോറിറ്റിയുടെ കരാറുകാരൻ എത്തിച്ച 200 മുതൽ 400 എം.എം. വരെ വ്യാസമുള്ള ഡക്റ്റയിൽ അയൺ പൈപ്പുകൾ അനാഥമായി വഴിയോരങ്ങളിൽ കിടക്കുകയുംചെയ്യുന്നു.

പ്രതീക്ഷ എം.എൽ.എ.യിൽ

ചൊവ്വാഴ്ച തിരുവല്ല നിയമസഭാ മണ്ഡലത്തിലെ ജൽ ജീവൻ മിഷൻ പദ്ധതി അവലോകനയോഗം നടക്കുകയാണ്. ഗ്രാമപ്പഞ്ചായത് പ്രസിഡന്റുമാരും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും മുൻ മന്ത്രികൂടിയായ എം.എൽ.എ.യുടെ അധ്യക്ഷതയിൽ ഒന്നിക്കുമ്പോൾ ഈ പദ്ധതി ഒരു വർഷമായി മുടങ്ങിക്കിടക്കുന്ന കാര്യം ചർച്ചയിൽ കൊണ്ടുവരാവുന്നതാണ്. തുക പിന്നീട് നൽകാം പണി നടക്കട്ടെ എന്ന് എം.എൽ.എ. നിർദേശംവച്ചാൽ പി.ഡബ്ല്യു.ഡി. അംഗീകരിക്കേണ്ടിവരും.

ഇത്തരത്തിൽ നീക്കമുണ്ടായില്ലെങ്കിൽ മഴക്കാലം കഴിയുന്നതോടെ നാട്ടുകാരുടെ വെള്ളംകുടി മുട്ടും. ശുദ്ധീകരണം ഇല്ലാത്തതിനാൽ പൈപ്പുകളിൽകൂടി ഇപ്പോൾ കലക്കവെള്ളമാണ് വിതരണം ചെയ്യുന്നതെന്ന പരാതിയും നിലവിലുണ്ട്.