കടമ്പനാട് : ഭരണിക്കാവ്-അടൂർ റൂട്ടിലെ ഏറ്റവും തിരക്കുള്ള പ്രദേശങ്ങളിലൊന്നായ കടമ്പനാട് ജങ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടിയായില്ല. അനധികൃത പാർക്കിങ് കടമ്പനാട്ടെ വലിയൊരു പ്രശ്നംതന്നെയാണ്.

നിരവധി വ്യാപാരസ്ഥാപനങ്ങൾ കടമ്പനാട് പ്രവർത്തിക്കുന്നുണ്ട്. ഇവിടേക്ക് വരുന്നവരുടെ വാഹനങ്ങൾ പാർക്കുചെയ്യാൻപോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. കടമ്പനാട്ടുനിന്ന്‌ വാഹനങ്ങൾ മണ്ണടിക്കുതിരിയുന്ന ഭാഗത്തും കടമ്പനാട് ക്ഷേത്രംറോഡിലേക്ക് പോകുന്ന ഭാഗത്തുമാണ് ഏറ്റവും കൂടുതൽ തിരക്കുള്ളത്. ഇവിടെ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നത്‌ വർഷങ്ങളായി നാട്ടുകാരുടെ ആവശ്യമാണ്. എയ്ഡ് പോസ്റ്റ് വന്നാൽ പോലീസിന്റെ ശ്രദ്ധ എപ്പോഴും ജങ്ഷൻ ഭാഗത്ത് ഉണ്ടാകും. ഒരു പരിധിവരെ കടമ്പനാട്ടെ തിരക്ക് നിയന്ത്രിക്കാനാകുമെന്ന് നാട്ടുകാർ ഉറപ്പിച്ചുപറയുന്നു.