കലഞ്ഞൂർ : അരിച്ചെടിയോ അതെന്താ സാർ? ക്ലാസിൽ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പാഠം പഠിപ്പിക്കുമ്പോഴാണ് കുട്ടി ഈ ചോദ്യവുമായി അധ്യാപകൻ ഫിലിപ്പ് ജോർജിന്റെ മുൻപിലെത്തിയത്. ആഹാരത്തിന് ഉപയോഗിക്കുന്ന അരി ഉത്പാദിപ്പിക്കുന്ന ചെടി കണ്ടിട്ടുണ്ടോയെന്ന ചോദ്യത്തിനും ഇല്ലെന്നായിരുന്നു കുട്ടികളുടെ ഉത്തരം.

ഇതിനെപ്പറ്റി കുട്ടികൾക്ക് ധാരണയില്ലെന്ന് മനസ്സിലായപ്പോഴാണ് നെൽച്ചെടിയും കതിരും നെൽമണിയും എല്ലാം കുട്ടികൾക്ക് മുൻപിലേക്ക് എത്തിക്കണമെന്ന ആശയത്തിലേക്ക് അധ്യാപകരെത്തിയത്. ഈ സമയത്താണ്, പ്രളയത്തിന്റെ ബാക്കിപത്രമായി കൂടൽ കുമ്പനാട്ട് പടിയിൽ റോഡിൽ കതിരിട്ട് നിൽക്കുന്ന നെല്ലുകണ്ടത്. ഈ നെൽച്ചെടി പിഴുതെടുത്ത് സ്‌കൂളിൽ കൊണ്ടുവന്ന് അതുമായി ബന്ധപ്പെട്ട വിശദമായ പ്രദർശനം ഒരുക്കുകയായിരുന്നു. ശാസ്ത്രാധ്യാപകരായ എസ്.ദീപ, ബിൻസി വർഗീസ്, ബി.ആർ.സി. പരിശീലക ഭദ്രാശങ്കർ എന്നിവർ നെൽച്ചെടിയുടെ വിവിധ വളർച്ചാഘട്ടങ്ങളും വേരുപടല പ്രത്യേകതകളും വിദ്യാർഥികൾക്ക് വിവരിച്ചുനൽകി. പ്രഥമാധ്യാപിക ടി.നിർമല പ്രദർശനം ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എസ്.രാജേഷ് അധ്യക്ഷത വഹിച്ചു.