കൊടുമൺ : ഇടത്തിട്ട ശങ്കരൻ വധക്കേസിലെ പ്രതിക്ക്‌ ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും ശിക്ഷ. ഇടത്തിട്ട തറയിൽ വീട്ടിൽ പ്രകാശിനെ (54)യാണ് പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചത്. ജഡ്ജി പി.എസ്. സൈമയുടേതാണ് വിധി.

2018 മാർച്ച് 17-നാണ് വട്ടമുരുപ്പേൽ വീട്ടിൽ ശങ്കരൻ കൊല്ലപ്പെട്ടത്. രാത്രി ഒന്നരയ്ക്ക് അടുക്കളയോട് ചേർന്നുള്ള മുറിയിൽ കിടന്നുറങ്ങിയിരുന്ന ശങ്കരനെ ഇരുകാലുകളും ചേർത്തുപിടിച്ചു കുതികാൽഭാഗം അറത്ത് മുറിപ്പെടുത്തി. രക്തംവാർന്ന് ശങ്കരൻ മരിച്ചെന്നാണ് കൊടുമൺ പോലീസ് ചാർജ് ചെയ്ത കേസ്. പ്രകാശനെ ചീത്തവിളിച്ചതിലുള്ള വൈരത്തിലായിരുന്നു കൊലപാതകം.

സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും രാസപരിശോധനാ ഫലവും തെളിവാക്കിയാണ് കോടതിയുടെ വിധി. പ്രോസിക്യൂഷനുവേണ്ടി അഡിഷണൽ ജില്ലാ ഗവൺമെൻറ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. സുഭാഷ് ബാബു ഹാജരായി.

ജോലിക്കാരിയെ കടന്നുപിടിച്ച ഡോക്ടർ അറസ്റ്റിൽ

പന്തളം : വീട്ടിൽ ജോലിക്കെത്തിയ യുവതിയെ കടന്നുപിടിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയുംചെയ്ത ദന്ത ഡോക്ടറെ പന്തളം പോലീസ് അറസ്റ്റുചെയ്തു. മങ്ങാരം മുട്ടാർ പഞ്ചവടിയിൽ ഡോ.ജി.അനിലാണ് (48) അറസ്റ്റിലായത്. ഞായറാഴ്ച രാവിലെയാണ് സംഭവം.