റാന്നി : ശബരിമല ഇടത്താവളമായ റാന്നി രാമപുരം മഹാവിഷ്ണുക്ഷേത്രത്തിൽ ജല വിതരണം തടസ്സപ്പെട്ടു. വെള്ളമില്ലാതെ വലഞ്ഞ അയ്യപ്പൻമാർക്ക് എ.ഐ.വൈ.എഫ്. പ്രവർത്തകർ വെള്ളമെത്തിച്ചു നൽകി. ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് ശബരിമല തീർഥാടകർ വിരി വെയ്ക്കുവാൻ രാമപുരം ക്ഷേത്രത്തിലെത്തിയത്. വിരിവെച്ചശേഷമാണ് ടാപ്പുകളിൽ വെള്ളമില്ലെന്നറിയുന്നത്. വിവരം അറിഞ്ഞതോടെ കനത്ത മഴയ്ക്കിടയിൽ എ.ഐ.വൈ.എഫ്. പ്രവർത്തകർ വാഹനത്തിൽ വെള്ളമെത്തിച്ച് ക്ഷേത്രത്തിലെ ടാങ്കിൽ നിറച്ചു.

വെള്ളമില്ലാതെ പ്രഭാതകൃത്യങ്ങൾ നിർവഹിക്കാനും മറ്റുമുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി റാന്നി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാത്രിതന്നെ ആവശ്യമായ കുടിവെള്ളം എത്തിച്ചു. റാന്നി മേഖലാ സെക്രട്ടറി മനീഷ് മുണ്ടപ്പുഴ, മണ്ഡലം സെക്രട്ടറി വിപിൻ, കെ.എസ്. അരവിന്ദ് കാലായിൽ എന്നിവരുടെ നേതൃത്വത്തിലാണ് വെള്ളമെത്തിച്ചത്.