ലേലം ഒഴിവാക്കി
പന്തളം : കർഷകർ നേരിട്ട് സാധനങ്ങളെത്തിച്ച് വിൽപ്പന നടത്തുന്ന വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രൊമോഷൻ കൗൺസിലിന്റേതുൾപ്പെടെയുള്ള വിപണികളിൽ വരവും വിൽപ്പനയും പകുതിയായി കുറഞ്ഞു. കച്ചവടം കുറഞ്ഞതോടെ ലേലംവിളിയും വിപണികളിൽ ഒഴിവാക്കിയിട്ടുണ്ട്. ആവശ്യമുള്ള കച്ചവടക്കാരുടെ ഓർഡർ എടുത്തശേഷം കൃഷിക്കാരിൽനിന്ന് അവ എടുത്ത് നൽകുകയാണ് ഇപ്പോൾ ചെയ്യുന്നത്.
സാധനങ്ങളെത്തിക്കുന്നതിനും കച്ചവടക്കാർക്കെത്തിക്കുന്നതിനും ബുദ്ധിമുട്ടുള്ളതിനാലാണ് വിൽപ്പന കുറഞ്ഞതെന്ന് വിപണി അധികൃതർ പറയുന്നു. പന്തളം, കുളനട, തട്ടയിൽ ഭാഗങ്ങളിലാണ് സ്വാശ്രയ കർഷക വിപണികൾ പ്രവർത്തിക്കുന്നത്. കർഷകർ നേരിട്ടെത്തിക്കുന്ന നാടൻ പച്ചക്കറി, കപ്പ, തേങ്ങ, വാഴക്കുല കിഴങ്ങുവർഗങ്ങൾ തുടങ്ങി എല്ലായിനങ്ങളും ഇവിടെ എത്തിച്ചിരുന്നു. കുരമ്പാലയിൽ ഇപ്പോൾ എല്ലാ ദിവസവും വിപണി പ്രവർത്തിക്കുന്നുണ്ട്. കൃഷിക്കാരിൽനിന്ന് നേരിട്ട് വിഭവങ്ങൾ സമാഹരിക്കുകയും കച്ചവടക്കാർക്ക് കടകളിൽ എത്തിച്ചുകൊടുക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. ജില്ലയ്ക്ക് അകത്തുള്ള കച്ചവടക്കാരെ കൂടാതെ ആലപ്പുഴ, കൊല്ലം ജില്ലകളിൽനിന്നുവരെ ഇവിടെ സാധനങ്ങൾ മൊത്തമായി വാങ്ങാൻ ആളുകളെത്തുന്നുണ്ട്.
ആളുകൾ കൂട്ടം കൂടാതിരിക്കാനും ബഹളം ഒഴിവാക്കാനുമായാണ് എല്ലായിടത്തും ലേലം ഉപേക്ഷിച്ചിട്ടുള്ളത്.