പത്തനംതിട്ട : കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ട്രഷറി പി.ടി.എസ്.ബി. അക്കൗണ്ടുകൾ മുഖേന നൽകിവരുന്ന ഏപ്രിൽ മാസത്തെ സർവീസ്, ഫാമിലി പെൻഷൻ കർശനനിയന്ത്രണങ്ങളോടെ വിതരണം ചെയ്യാൻ സർക്കാർ അനുമതിയായതായി ജില്ലാ ട്രഷറി ഓഫീസർ പ്രസാദ് മാത്യു അറിയിച്ചു. ഏപ്രിൽ രണ്ടു മുതൽ ഏഴുവരെ പി.ടി.എസ്.ബി. അക്കൗണ്ട് നമ്പർ അവസാനിക്കുന്ന അക്കങ്ങളുടെ അടിസ്ഥാനത്തിൽ പെൻഷൻ വിതരണത്തിനു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഏപ്രിൽ രണ്ടു മുതൽ ഏഴുവരെയുള്ള ട്രഷറി ഇടപാടുകളുടെ സമയം രാവിലെ ഒൻപതു മുതൽ വൈകീട്ട് അഞ്ചു വരെ പുനഃക്രമീകരിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്നിന് ബാങ്കിടപാടുകൾ ഇല്ലാത്തതിനാൽ ഏപ്രിൽ രണ്ടിനു ബാങ്കിൽനിന്നു പണം ലഭിക്കുന്ന മുറയ്ക്ക് രാവിലെ പെൻഷൻ വാങ്ങാൻ എത്തുന്നവർ കൂടുതൽ മുൻകരുതലുകൾ എടുക്കണം.
ട്രഷറിയിൽ എത്തുന്ന ഇടപാടുകാർ വ്യക്തിശുചിത്വം പാലിക്കുകയും തൂവാല/മാസ്‌ക് എന്നിവ കരുതുകയും വേണം. പനിയോ, മറ്റു രോഗലക്ഷണമോ ഉള്ളവരും നിരീക്ഷണത്തിലുള്ളവരുമായി സമ്പർക്കം പുലർത്തിയവരും യാതൊരു കാരണവശാലും ട്രഷറിയിൽ എത്തരുത്.
നേരിട്ടെത്താൻ സാധിക്കാത്തവർ തങ്ങളുടെ പി.ടി.എസ്.ബി. ചെക്കിൽ ബെയററെ (മെസഞ്ചർ) ചുമതലപ്പെടുത്തി ട്രഷറിയിൽനിന്നു പണം പിൻവലിക്കുകയോ ഓൺലൈൻ സേവനം പ്രയോജനപ്പെടുത്തുകയോ ചെയ്യാം. നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ ട്രഷറിയിലേക്കു യാത്രചെയ്യുന്നവർ പി.പി.ഒ, പാസ്ബുക്ക്, പി.ടി.എസ്.ബി. ചെക്ക് എന്നിവ കരുതണം.