അനു ഭദ്രൻ
അടൂർ
: സാമൂഹിക അടുക്കളവഴി ഭക്ഷണം നല്കുന്നതിലുപരി അതിന്റെ രുചിയും ഗുണമേന്മയും വർധിപ്പിക്കാനാണ് കടമ്പനാട് ഗ്രാമപ്പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകരുടെ ശ്രമം. ഇതിന്റെ ഭാഗമായി ചോറ് പൊതിഞ്ഞുകെട്ടുന്നതിന് വാഴയിലയാണ് ഇവിടെ ഉപയോഗിക്കുന്നത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.ആർ. അജീഷ് കുമാറാണ് ചോറ് വാഴയിലയിൽ കെട്ടാമെന്ന് ആശയം മുന്നോട്ടുവെച്ചത്. ആദ്യം ഇത്രയധികം വാഴയില എവിടുന്ന് കിട്ടുമെന്നതായിരുന്നു കുടുംബശ്രീ പ്രവർത്തകരുടെ ആശങ്ക. അതിന് പരിഹാരമായി പ്രസിഡന്റ് തന്നെ ആവശ്യമായ വാഴയില സംഘടിപ്പിച്ചുതരാമെന്ന് ഏറ്റു. ഇതോടെ കുടുംബശ്രീ പ്രവർത്തകർക്കും ഉത്സാഹമായി. വാഴയിലയിൽ വിളമ്പുന്ന പൊതിച്ചോറിന് ആവശ്യക്കാരിന്ന് ഏറെയാണ്.
ആരോഗ്യദായകം
സ്വാദിനൊപ്പം വാഴയിലയിൽ പൊതിഞ്ഞെടുക്കുന്ന ചോറിന് ഗുണമേറെയാണ്. വാഴയിലയിൽ വിറ്റമിൻ എ, കാത്സ്യം, കരോട്ടിൻ, സിട്രിക് ആസിഡ് തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് ആവശ്യമായവയാണ്. കൂടാതെ വാഴയിലയിലെ എപ്പിഗാലോകാറ്റേക്കിൻ എന്ന ഘടകം മികച്ച ആന്റി ഓക്‌സിഡന്റാണ്. ശരീരത്തിലെ ഫ്രീ റാഡിക്കലുകളോട് പൊരുതി രോഗം വരുന്നത് തടയാൻ ഇത് സഹായിക്കുന്നു.
രുചികരവും ആവശ്യക്കാർക്ക് വേണ്ട ഭക്ഷണം കെങ്കേമമാകണം. അതിന് കാര്യമായ ഭക്ഷണമാണ് തയ്യാറാക്കുന്നത്. ഞായറാഴ്ച 316 പൊതികളാണ് കടമ്പനാട് സമൂഹിക അടുക്കളയിൽ തയ്യാറാക്കിയത്. ചോറ് കൂടാതെ മത്തങ്ങ എരിശ്ശേരി, കുമ്പളങ്ങ തോരൻ, മുട്ട പൊരിച്ചത്, മെഴുക്കുപുരട്ടി കൊണ്ടാട്ടം മുളക്, അച്ചാർ എന്നിവയാണ് തയ്യാറാക്കിയത്.
ലാഭമല്ല ഇതിൽ പ്രതീക്ഷിക്കുന്നത് പൊതി വാങ്ങി കഴിക്കുന്നവരുടെ സംതൃപ്തിയാണ് ഞങ്ങളുടേയും സന്തോഷമെന്ന് കുടുംബശ്രീ പ്രവർത്തകർ പറയുന്നു. വൊളന്റിയർമാർ സൗജന്യമായാണ് പൊതിച്ചോർ ആളുകൾക്ക് എത്തിച്ചു കൊടുക്കുന്നത്.കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് എ.ആർ. അജീഷ് കുമാറിന്റെ നേതൃത്വത്തിൽ വാഴയിലയിൽ ചോറ് പൊതിയുന്നു