കോന്നി : കോന്നി ബ്ലോക്ക് ഭരണം കോൺഗ്രസിന് നഷ്ടപ്പെട്ടതിൽ ഭരണസമിതിയും എം.എൽ.എ.യും തമ്മിലുഉള്ള ഭിന്നിപ്പും പ്രധാന ഘടകമാണ്. കഴിഞ്ഞ തവണയും കോൺഗ്രസ് ഭരണത്തിലായിരുന്നു കോന്നി ബ്ലോക്ക് പഞ്ചായത്ത്. ഉപതിരഞ്ഞെടുപ്പിനുശേഷം സി.പി.എമ്മിലെ ജനീഷ്‌കുമാർ എം.എൽ.എ. ആയെങ്കിലും കോൺഗ്രസ് ബ്ലോക്ക് പഞ്ചായത്ത് അദ്ദേഹവുമായി സഹകരണത്തിലല്ലായിരുന്നു. അന്തരിച്ച കോന്നിയൂർ പി.കെ.ആയിരുന്നു അന്ന് പ്രസിഡന്റ്.

കോന്നി താലൂക്കാശുപത്രിയുടെ വികസന പരിപാടിയിൽ കോൺഗ്രസിന്റെ എതിർപ്പ് അവഗണിച്ച് കോന്നിയൂർ പി.കെ. പങ്കെടുത്തിരുന്നു. അന്നത്തെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ആയിരുന്നു മുഖ്യാതിഥി. കോന്നിയൂർ പി.കെ. ചടങ്ങിൽ പങ്കെടുത്തതിനെ കോൺഗ്രസ് വിമർശിച്ചിരുന്നു. അവസാനം കോന്നിയൂർ പി.കെ. സി.പി.എമ്മിൽ ചേർന്നു. പുതിയ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയും താലൂക്കാശുപത്രിയുടെ നടത്തിപ്പിന്റെ കാര്യത്തിൽ ജനീഷ്‌കുമാറുമായി സ്വരച്ചേർച്ചയിൽ അല്ലായിരുന്നു. ഈ ഭിന്നിപ്പാണ് കോൺഗ്രസിലെ ഇടഞ്ഞുനിന്ന ജിജി സജി എന്ന അംഗത്തെ എൽ.ഡി.എഫിലെത്തിക്കാൻ വഴിതെളിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന് തുടക്കത്തിൽ ജിജി സജി ശ്രമിച്ചിരുന്നെങ്കിലും കോൺഗ്രസ് നൽകിയില്ല. ഒരുസീറ്റിന്റെ മാത്രം ഭൂരിപക്ഷമുണ്ടായിരുന്ന ബ്ലോക്ക് ഭരണത്തെ അവിശ്വാസത്തിലൂടെയാണ് സി.പി.എം. താഴെയിറക്കിയത്.