പത്തനംതിട്ട : സ്‌കൂളുകളുടെ അറ്റകുറ്റപ്പണികളും ശുചീകരണവും ഏറ്റെടുത്ത് നടത്താനും തദ്ദേശഭരണ സ്ഥാപനങ്ങളും അധ്യാപക രക്ഷകർതൃ സംഘടനയും നാട്ടുകാരും യോജിച്ചുപ്രവർത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത്. വിദ്യാലയങ്ങൾ തുറക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസവകുപ്പ് മേധാവികളും ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

ചില സ്‌കൂളുകളിൽ കോവിഡ് കെയർ സെന്ററുകൾ പ്രവർത്തിക്കുന്നത് നിർത്തലാക്കണമെന്ന് ആവശ്യമുയർന്നു. എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും നിലവിലുള്ള വിദ്യാഭ്യാസ സമിതികൾ ഒക്ടോബർ അഞ്ചിന് മുൻപ് യോഗം ചേർന്ന് മുന്നൊരുക്കങ്ങൾ സ്വീകരിക്കണം. എല്ലാ സ്‌കൂളുകളിലും പി.ടി.എ. യോഗങ്ങൾ 10-ന് മുമ്പ് പൂർത്തീകരിക്കണം. ഒക്ടോബർ രണ്ടിന് ശുചീകരണം ആരംഭിക്കണം. സ്‌കൂൾ വാഹനങ്ങൾ പരിശോധിച്ച് അറ്റകുറ്റപ്പണി നടത്തണമെന്നും നിർദേശിച്ചു.

സംസ്ഥാന സർക്കാരിന്റെ അവാർഡിന് തിരഞ്ഞെടുത്ത അധ്യാപകരെ അനുമോദിച്ചു. കലഞ്ഞൂർ ഗവ. എൽ.പി.എസ്. പ്രഥമാധ്യാപകൻ വി.അനിൽ, മേക്കൊഴൂർ എം.ടി.എച്ച്.എസ്. പ്രഥമാധ്യാപകൻ ടി.രാജീവൻ നായർ, കൈപ്പട്ടൂർ ഗവ. വി.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ വി.പ്രിയ, തുമ്പമൺ എം.ജി.എച്ച്.എസ്.എസ്. അധ്യാപകൻ സജി വർഗീസ് എന്നിവരെയാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചത്.

പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രാജി പി.രാജപ്പൻ, തിരുവല്ല നഗരസഭാ ചെയർപേഴ്‌സൺ ബിന്ദു ജയകുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ബീനാ റാണി, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ വിനോദ് കുമാർ, കുടുംബശ്രീ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.