ഇരവിപേരൂർ : ഇരവിപേരൂരി​ൽ വിമതശല്യത്തിൽ ശ്വാസംമുട്ടുകയാണ്‌ മുന്നണികൾ. ഒന്നും നാലും വാർഡുകളിൽ എൽ.ഡി.എഫിനാണ് ഭീഷണിയെങ്കിൽ യു.ഡി.എഫിന് ഒൻപതിലും മൂന്നിലുമാണ് പ്രശ്‌നം.

ഓതറ കിഴക്ക് ഏഴാം വാർഡിലാണ് എൻഡി.എ.യ്ക്ക് തലവേദന. നാലാം വാർഡിൽ എൽ.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർഥി നേരിടേണ്ടത് ഇവരുടെതന്നെ രണ്ട് മുൻപഞ്ചായത്തംഗങ്ങളെയും സി.പി.എം. മുൻബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യയെയുമാണ്. 2010 പഞ്ചായത്ത് ഭരണസമിതിയിലെ സി.പി.എം. പഞ്ചായത്തംഗവും ഇരവിപേരൂർ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായ നിർമലാ ഗോപാലനാണ് സ്വതന്ത്രയായി മത്സരിക്കുന്ന ഒരാൾ.

2010-ൽ നിർമലയ്ക്കെതിരേ സ്വതന്ത്രയായി മത്സരിച്ച ത്രേസ്യാമ്മയാണ് ഔദ്യോഗിക എൽ.ഡി.എഫ്. സ്ഥാനാർഥി. പാർട്ടി സ്ഥാനാർഥിക്കെതിരേ മത്സരിച്ചയാളെ പാർട്ടിതന്നെ മത്സരിപ്പിക്കുന്നതിനെ അംഗീകരിക്കില്ലെന്ന് പറഞ്ഞാണ് സംഘടനയിൽ പൊട്ടിത്തെറിയുണ്ടായത്. 12-ാം വാർഡിൽ കഴിഞ്ഞതവണ എൽ.ഡി.എഫ്. പഞ്ചായത്തംഗമായിരുന്നു ലീലാമ്മ മാത്യുവും സ്വതന്ത്രസ്ഥാനാർഥിയാണ്. ഇവരും വാർഡിൽ സീറ്റിന് ശ്രമിച്ചിരുന്നു. കൂടാതെ സി.പി.എം. മുൻബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യ സെലിനും നിൽക്കുന്നുണ്ട്.

ഒന്നാം വാർഡിൽ സജി പുന്നൂസിനെ മത്സരിപ്പിക്കാൻ സി.പി.എം. വാർഡ് കമ്മിറ്റി ആലോചിച്ചിരുന്നു. ഒരുവിഭാഗം എതിർത്തതോടെ സി.പി.എം. സ്വതന്ത്രനായി ഷിജോ കയ്യാലയ്ക്കകത്തിനെ തീരുമാനിച്ചു. സജി പുന്നൂസാകട്ടെ സ്വതന്ത്രനായി മത്സരരംഗത്ത് വരികയും ചെയ്തു. മുൻപഞ്ചായത്തംഗവും സി.പി.എം ബ്രാഞ്ചംഗവുമായ ഓമനക്കുട്ടൻ നായരും ഇവിടെ സ്ഥാനാർഥിയാണ്.

ഒൻപതാം വാർഡിൽ കോൺഗ്രസിന്റെ കെ.ടി. തോമസിനെതിരേ നിൽക്കുന്നത് മണ്ഡലം സെക്രട്ടറി കൂടിയായിരുന്ന മുരളീധരൻ നായരാണ്. സീറ്റ് നൽകാഞ്ഞതിനെ തുടർന്ന് പാർട്ടി ഭാരവാഹിത്വം രാജിവെച്ച് സ്വതന്ത്രനായി മത്സരിക്കുന്നു. മൂന്നാം വാർഡിൽ യു.ഡി.എഫിലെ ശ്രീകലയ്ക്കെതിരേ മഹിളാ കോൺഗ്രസിലെ തങ്കമ്മയും നിൽക്കുന്നുണ്ട്. ഏഴാം വാർഡിൽ ബി.ജെ.പി. സ്ഥാനാർഥിക്കെതിരേ സ്വതന്ത്രനായി മത്സരിക്കുന്ന സുനിൽകുമാർ വേട്ടുകുന്നിൽ ബി.ജെ.പി. പഞ്ചായത്ത്, യുവമോർച്ച ജില്ലാ ഭാരവാഹിത്വങ്ങളുള്ളയാളായിരുന്നു. സുനിലിനെ അനുകൂലിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് മാറിനിൽക്കുകയാണ്.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പൽ ആറാം വാർഡിൽ കോൺഗ്രസിൽനിന്നു വിജയിച്ച സാലി ജേക്കബ് ഇത്തവണ ഇതേ വാർഡിൽ സി.പി.ഐ.യ്ക്കുവേണ്ടിയാണ് മത്സരിക്കുന്നത്.

പഞ്ചായത്ത് മുൻപ്രസിഡന്റും രണ്ടാം വാർഡിൽനിന്നുള്ള സി.പി.എം. അംഗവുമായിരുന്ന ഗീതാ അനിൽകുമാറാണ്‌ ബ്ലോക്ക് പഞ്ചായത്ത് ഇരവിപേരൂർ ഡിവിഷനിൽ ബി.ജെ.പി. സ്ഥാനാർഥിയായി രംഗത്തുള്ളത്.

അവർ എട്ടുപേർ പോരാടും

തിരുവല്ല : സ്ഥാനാർഥികളെകൊണ്ട് പൊറുതിമുട്ടി തൈമല നിവാസികൾ. വിമതർ ഉൾപ്പെടെ എട്ടുപേരാണ് തിരുവല്ല നഗരസഭയിലേക്ക് ജനവിധി തേടുന്നത്.

പാർട്ടി സ്ഥാനാർഥികളെ കണ്ടെത്താൻ വോട്ടർമാർ പാടുപെടും. എൽ.ഡി.എഫും യു.ഡി.എഫും വിമതഭീഷണി നേരിടുന്ന നഗരസഭയിലെ 15-ാം വാർഡായ തൈമലയിൽ ഇക്കുറി മുന്നണികൾ തമ്മിലുള്ള ത്രികോണമത്സരത്തിനാണ് കളമൊരുങ്ങുന്നത്. ഇരുപാർട്ടികളുടെയും ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ രണ്ടുവീതം വിമതർ രംഗത്തുണ്ട്‌. യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർഥി ജാസ് നാലിൽ പോത്തനെതിരെ കോൺഗ്രസിലെതന്നെ ഉമ്മൻ സക്കറിയ, ജിതിൻ സി.അജയൻ എന്നിവരാണ് സ്വതന്ത്രരായി മത്സരിക്കുന്നത്. എൽ.ഡി.എഫിന്റെ അഡ്വ. കെ.ആർ.രഘുക്കുട്ടൻപിള്ളയ്ക്കെതിരെ ഇടതുപക്ഷത്തെതന്നെ ആലീസ്, പി.സിന്ധു എന്നിവർ സ്വതന്ത്രരായി രംഗത്തുണ്ട്. ബി.ഡി.ജെ.എസിലെ ടി.കെ.സജിയെയാണ് വാർഡ് പിടിക്കാൻ എൻ.ഡി.എ. രംഗത്തിറക്കിയിരിക്കുന്നത്. ഇവരെ കൂടാതെ സ്വതന്ത്രനായി സജു തയ്യിൽപറമ്പിലും മത്സരിക്കുന്നുണ്ട്.