അടൂർ : കൊറോണയ്ക്കെതിരേയുള്ള പോരാട്ടത്തിൽ നാട് ഒറ്റക്കെട്ടാണ്. അവിടെ രാഷ്ട്രീയ ചേരിതിരിവും മറ്റൊരുചിന്തയുമില്ല. കൊറോണ പ്രതിരോധത്തിെന്റ ഭാഗമായി ഡി.വൈ.എഫ്.ഐ. അടൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ ജനറൽ ആശുപത്രിയിൽ തുടങ്ങിയ 24 മണിക്കൂർ സേവനകേന്ദ്രം ആശുപത്രിയിലെത്തുവർക്ക് ഏറെ പ്രയോജനകരമാണ്.
എന്തിനും സജ്ജമായി സദാ
ഒരു സമയം അഞ്ചുപേർവെച്ച് മൂന്നു വിഭാഗങ്ങളായിട്ടാണ് ഇവരുടെ പ്രവർത്തനം. എന്ത് അസുഖത്തിനെത്തുന്നവർക്കും ഇവരുടെ സേവനം ലഭ്യമാണ്. വിദേശയാത്ര ചെയ്തുവരുന്നവർ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിയാൽ അവരുടെ ഒ.പി. ചീട്ട് എടുക്കുന്നതുമുതൽ ഇവരെ ഐസൊലേഷൻ വാർഡുവരെ എത്തിക്കുന്ന ചുമതലയും ഇവർ നിർവഹിക്കുന്നു. ഇതിനൊപ്പം കൊറോണ സംബന്ധിച്ചുള്ള ബോധവത്കരണ-ശൂചീകരണ പ്രവർത്തനത്തിലും ഇവർ സജീവമാണ്. കഴിഞ്ഞ ദിവസം പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി പതിനാലാം മൈലിൽ ശുചീകരണ പ്രവർത്തനം നടത്തിയിരുന്നു. ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെ മരുന്നും മറ്റ് അവശ്യസാധനങ്ങളും വാങ്ങാനായി പുറത്തുപോകാൻ കഴിയാത്തവർക്ക് വീടുകളിൽ അവ എത്തിക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഇവർ ഒരുക്കിയിട്ടുണ്ട്.
ആരും വിശന്നിരിക്കില്ല
താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികൾ, ജീവനക്കാർ തുടങ്ങിയവർക്ക് ഭക്ഷണം നൽകുന്നതും ഇവരാണ്. കൊറോണ വൈറസ് പ്രതിരോധ സംവിധാനം പ്രാവർത്തികമാക്കാൻ ജീവനക്കാർക്ക് പലപ്പോഴും വലിയ പരിശ്രമങ്ങൾ വേണ്ടിവരുന്നുണ്ട്.
ഇടതടവില്ലാതെ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ക്ഷീണം അകറ്റാൻ പഴവർഗങ്ങളും ഇവർ എത്തിക്കുന്നു. ഡി.വൈ.എഫ്.ഐ. അടൂർ ബ്ലോക്ക് സെക്രട്ടറി അഖിൽ പെരിങ്ങനാടൻ, ജില്ലാ ട്രഷറർ ബി.നിസാം, ശ്രീനി എസ്. മണ്ണടി, മുഹമ്മദ് അനസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു.മണിക്കൂർ സഹായകേന്ദ്രവുമായി ഡി.വൈ.എഫ്.ഐ.