അടൂർ : മണക്കാലയിലെ വീട്ടിൽനിന്ന് 50 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പോലീസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് അച്ഛനെയും മകനെയും ഇവരുടെ സഹായിയെയും പോലീസ് അറസ്റ്റ്ചെയ്തു. മണക്കാല കൊറ്റനല്ലൂർ അയണിവിള പുത്തൻവീട്ടിൽ ഡാനിയൽ(60), മകൻ ബിനു ഡാനിയൽ(30), സഹായി തുവയൂർ വടക്ക് നെടുംകുന്ന് മല ഒറ്റപ്ലാവിള വീട്ടിൽ ആർ.രാഹുൽ(24) എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് ജില്ലാ ആന്റി നർക്കോട്ടിക് ആക്ഷൻ ഫോഴ്സാണ് പരിശോധന നടത്തിയത്.
ബിവറേജും ബാറുകളും പൂട്ടിയതോടെ ഡാനിയേലിന്റെ വീട്ടിൽ ധാരാളം ആളുകൾ വന്നുപോകുന്നതായി ജില്ലാ പോലീസ് മേധാവിക്ക് വിവരം കിട്ടിയിരുന്നു. തുടർന്ന് ഒരു ദിവസം ഇവരുടെ വീട് നിരീക്ഷിച്ചശേഷം ശനിയാഴ്ച പുലർച്ചെ അടൂർ പോലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.
സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. ആർ. ജോസ്, നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. പ്രദീപ് കുമാർ എന്നിവരുടെ നിർദേശാനുസരണം അടൂർ എസ്.ഐ. അനൂപ്, ആന്റി നർക്കോട്ടിക് എസ്.ഐ. മാരായ ആർ.എസ് രഞ്ജു, എസ്.രാധാകൃഷ്ണൻ, എ.എസ്.ഐ. വിൽസൺ എസ്, സി.പി.ഒ. ശ്രീരാജ്, രഘുകുമാർ, ദിലീപ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.