സീതത്തോട് : ജില്ലയുടെ മലയോര മേഖലയിൽ മഴ കനത്തതിനെ തുടർന്ന് മൂഴിയാർ, മണിയാർ ഡാമുകൾ തുറന്നു. ശബരിഗിരി പദ്ധതി മേഖലയിലും അതീവ ജാഗ്രത പുലർത്തി വരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മലയോര മേഖലയിൽ ആരംഭിച്ച മഴ തിങ്കളാഴ്ച പുലർച്ചെയോടെ കൂടുതൽ ശക്തിപ്രാപിക്കുകയായിരുന്നു. വനമേഖലയിൽ മഴ ശക്തമായതോടെ മൂഴിയാർ ഡാമിൽ സംഭരണനില പരമാവധി ശേഷിയിലെത്തുകയും ഡാമിന്റെ മൂന്നുഷട്ടറുകൾ തുറന്നു വിടുകയുമാണുണ്ടായത്. ശബരിഗിരി പദ്ധതിയുടെ ഭാഗമായ കക്കി-ആനത്തോട് ഡാമിൽ നേരത്തെ തന്നെ നീല അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

മഴ ശക്തമായതോടെ കക്കാട്ടാറിലും ജലനിരപ്പ് ഒരുമീറ്ററോളം ഉയർന്നു. മണിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ അധികജലം തുറന്ന് വിടാനായി ഉയർത്തി. മൂഴിയാർ, മണിയാർ ഡാമുകൾ തുറന്നതോടെ കക്കാട്ടാറിന്റെയും പമ്പയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം മുന്നറിയിപ്പ് നൽകി. എന്നാൽ, മലയോര മേഖലയിലെവിടെയും നാശനഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ലെന്നത് ആശ്വാസമായി.

ശബരിമല പാതയിൽ പ്ലാപ്പള്ളിക്കും-നിലയ്ക്കലിനും മധ്യേ റോഡിലേക്ക് കൂറ്റൻമരം കടപുഴകിവീണ് ഗതാഗതം തടസ്സപ്പെട്ടു. സീതത്തോട് അഗ്നിരക്ഷാസേനാ നിലയത്തിൽനിന്ന് സ്റ്റേഷൻ ഓഫീസർമാരായ ഷാനവാസ്, നിസാം, വിഷ്ണുവിജയ്, സുജിൻ, അനൂപ്, കെ.ജി.സന്തോഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം മരം മുറിച്ച് നീക്കിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.