കവിയൂർ : പോളച്ചിറ മീൻവിത്തുത്പാദന കേന്ദ്രത്തിന്റെ മൺകുളങ്ങൾ കാടുപിടിച്ചു. ഐരാറ്റിലാണ് ഇത്തരത്തിലുള്ള കുളങ്ങളുള്ളത്. മീൻകുഞ്ഞങ്ങളെ വളർത്തിയെടുക്കാൻ ഉപയോഗിച്ചുവരുന്ന കുളങ്ങളാണിവ. 20-ൽ അധികം കുളങ്ങളാണുള്ളത്. ഇവയുടെ നവീകരണം നടന്നിട്ട് മൂന്നു വർഷത്തോളമായി.

കുളങ്ങളുടെ ഇടയിലുള്ള തോടുകൾ വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കിയിരുന്നു. എങ്കിലും ഇതിനകത്ത് പുല്ലും കാട്ടുച്ചെടികളും വളരുന്നത് പ്രശ്‌നമാകുന്നു. ഇതിനകത്ത് വളരുന്ന കാട്ടുവള്ളികൾ കവിയൂർ മഹാദേവ ക്ഷേത്രത്തിന്റെ തെക്കേനടയിലെ വഴിയോര വിശ്രമകേന്ദ്രത്തിലേക്ക് പടർന്നുകയറുന്നു. ഇവിടെ സ്ഥാപിച്ചിട്ടുള്ള ചാരുബെഞ്ചുകളിൽ ചുറ്റിക്കിടക്കുന്നത് കാരണം വിശ്രമിക്കാൻ എത്തുന്നവർക്ക് ഇരിക്കാൻ കഴിയില്ല.

സാധാരണ ജൂൺ തുടങ്ങുമ്പോഴേ മഴയെത്തുകയാണ് പതിവ്. മിക്കപ്പോഴും അനുകൂലമായ കാലവസ്ഥയാണ് ലഭിച്ചിരുന്നത്.

ഇതിനാൽ ഒാരോ വർഷവും ലക്ഷ്യമാക്കുന്ന മീൻകുഞ്ഞുങ്ങളുടെ ഉത്പാദിപ്പിക്കാൻ കഴിഞ്ഞിരുന്നു. മഴയിലുണ്ടാകുന്ന വ്യത്യാസം നിശ്ചിത സമയത്ത് മീനുകളെ മുട്ടയിടീക്കാനും കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കാൻ പ്രശ്‌നമാകുന്നു.

കട്‌ല, രോഹു, മൃഗാൾ, സൈപ്രനസ് തുടങ്ങിയ ഇനങ്ങളെയാണ് വിരിയിച്ചെടുക്കുന്നത്. ഇതിന്റെ ഉപകേന്ദ്രമായ എടത്വായിലാണ് മുട്ടയിടാനുളള മീനുകളെ ഏറിയപങ്കും വളർത്തുന്നത്. ഇവയെ കുത്തിവച്ച് മുട്ടയിടിച്ചശേഷം കുഞ്ഞുങ്ങളെ പോളച്ചിറയിലെ കുളങ്ങളിൽ എത്തിച്ചാണ് വളർത്തുന്നത്. പോളച്ചിറയിൽ സിമന്റുകുളങ്ങൾ ഇതിന് സജ്ജീകരിച്ചിട്ടുണ്ട്. 45 ദിവസം പ്രായമാകുന്ന മുറയ്ക്കാണ് വിതരണം.