റാന്നി : വൈദ്യുതി മുടങ്ങിയ വിവരം അറിയിക്കാൻ കെ.എസ്.ഇ.ബി. റാന്നി സൗത്ത് സെക്ഷൻ ഓഫീസിലേക്ക് നിലയ്ക്കാത്ത ഫോൺ കോളുകൾ. എന്നാൽ എടുക്കാനാരുമില്ല. അറിയാവുന്ന നമ്പറുകളെല്ലാം വിളിച്ചുനോക്കി. ഒന്നുകിൽ സ്വിച്ച് ഓഫ്. അല്ലെങ്കിൽ എടുക്കുന്നില്ല.

ഓഫീസിലെത്തി അവിടെ ഉണ്ടായിരുന്ന ആളെ കണ്ടപ്പോൾ ജീവനക്കാർ ഇല്ല, നാളെ ശരിയാക്കാമെന്ന് മറുപടിയും. അവസാനം ജില്ലാ ഭരണകൂടത്തിന്റെ സഹായം തേടി. അര മണിക്കൂറിനുള്ളിൽ വൈദ്യുതി എത്തി. പണിമുടക്കുകളിൽപോലും ഓരോ ഓഫീസിലും ആവശ്യമായ ജീവനക്കാരുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കെ.എസ്.ഇ.ബി.ബോർഡിന്റെ ഉത്തരവ് നിലനിൽക്കുമ്പോഴാണ് ഇവിടെ ഫോണെടുക്കാൻപോലും തയ്യാറാവാത്ത അവസ്ഥയുണ്ടായത്. നിരവധി സ്ഥലങ്ങളിൽ കാറ്റിലും മഴയിലും ലൈനുകൾ പൊട്ടിവീണ് നാശമുണ്ടായെന്നും ജീവനക്കാരുടെ കുറവും വാഹനമില്ലാത്തതും കാരണം എല്ലാ പ്രദേശങ്ങളിലെയും തകരാർ പരിഹരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നുമാണ് കെ.എസ്.ഇ.ബി.അധികൃതർ നൽകുന്ന വിശദീകരണം.ഇത് ഒരുഫീഡറിലെ 40-ഓളം ട്രാൻസ്‌ഫോർമറുകളുടെ പരിധിയിലുള്ള ഉപഭോക്താക്കൾക്കുണ്ടായ ദുരിതമാണ്. ഉതിമൂട് ഫീഡർ മുഴുവൻ ഞായറാഴ്ച രാത്രിയിൽ വൈദ്യുതി മുടങ്ങിയതാണ്. ബ്ലോക്കുപടി, മന്ദിരം, കീക്കൊഴൂർ, ഉതിമൂട്, വാളിപ്ലാക്കൽ തുടങ്ങിയ പ്രദേശങ്ങളെല്ലാം ഇതിൽപെടുന്നു. നേരം പുലർന്നിട്ടും എത്താത്തതിനെ തുടർന്ന് ആൾക്കാർ ഓഫീസുമായി ബന്ധപ്പെടാൻ തുടങ്ങി. ഓഫീസ് നമ്പറിൽ ബെല്ലടിക്കുന്നുണ്ടെങ്കിലും ആരും എടുക്കുന്നില്ല. ഇവിടെയുള്ള ജീവനക്കാരിൽ അറിയാവുന്ന ആൾക്കാരുടെയൊക്കെ ഫോണിലും പലരും വിളിച്ചു. മറുപടിയില്ല. ഇത് സാമൂഹിക മാധ്യമങ്ങളിലും ചർച്ചയായി. കെ.എസ്.ഇ.ബി.യുമായി ബന്ധപ്പെട്ട ഗ്രൂപ്പിലാണ് അധികൃതർ വിശദീകരണം നൽകിയത്. വൈദ്യുതി ഡിവിഷനിലും, വൈദ്യുതി ജില്ല അധികാരികളെയും വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്ന് ഗ്രാമപ്പഞ്ചായത്തംഗം കെ.ആർ.പ്രകാശ് പറഞ്ഞു. മുന്നറിയിപ്പില്ലാതെ ഉണ്ടായ വൈദ്യുതിമുടക്കം നിരവധി രോഗികളെയും ബുദ്ധിമുട്ടിലാക്കി ഉപഭോക്താക്കൾ പറഞ്ഞു. ഉച്ചയായിട്ടും നടപടിയില്ലാതെ വന്നപ്പോഴാണ് ഉപഭോക്താക്കളിലൊരാൾ ജില്ലാ കളക്ടറുമായി ഫോൺ വഴി ബന്ധപ്പെട്ടത്. എന്തായാലും അര മണിക്കൂറിനുള്ളിൽ വൈദ്യുതി തിരികെ എത്തി.