ഇളമണ്ണൂർ : ഏനാദിമംഗലം കൃഷിഭവന്റെ പരിധിയിലെ 125 ഏക്കർ സ്ഥലത്ത് ഇനി ഭാരതീയ പ്രകൃതി കൃഷി ഒരുക്കും. പരമ്പരാഗത ജൈവകൃഷി രീതികളിലൂടെ ജൈവ വൈവിധ്യം സംരക്ഷിച്ച് നല്ല വിളകൾ വിളയിക്കുകയും വിഷവിമുക്ത ഉത്പന്നം ജനങ്ങളിൽ എത്തിക്കുകയുമാണ് ലക്ഷ്യം. ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരം ഏനാദിമംഗലം പഞ്ചായത്തിൽ കുറഞ്ഞത് അഞ്ച് സെന്റ് ജൈവകൃഷി ചെയ്യാൻ താതത്‌പര്യമുള്ളവർക്ക് കൃഷിയിടത്തിൽ ഉപയോഗിക്കാനുള്ള ജൈവ ഉപാധികൾ കൃഷി വകുപ്പ് നല്കും.ഇതിനായി ജൈവസാധനങ്ങൾ നിർമിച്ചുനല്കാൻ താത്‌പര്യമുള്ള 10 പേരെ ഉൾപ്പെടുത്തി പ്രഗതി എഫ്.ഐ.ജി. ഗ്രൂപ്പ് രൂപവത്കരിച്ചു. അവർ നിർമിച്ച സാധനങ്ങൾ ജൈവകൃഷി ചെയ്യാൻ താത്‌പര്യമുള്ളവർക്ക് സൗജന്യമായി വിതരണം ചെയ്യും. ഒരോ കർഷകന്റെയും കൃഷിയിടത്തിൽ വരുന്ന ജൈവവളങ്ങളെയും വളക്കൂട്ടുകളും രോഗകീട നിയന്ത്രണ ഉപാധികളും ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിന് ഈ എഫ്.ഐ.ജി. ഗ്രൂപ്പ് വഴി പ്രവർത്തനം നടത്തും.

കർഷകർക്ക് ഹെക്ടറിന് 1600 രൂപ നിരക്കിൽ വിവിധ ജൈവ ഉപാധികളായി നൽകുകയും ചെയ്യും. ഘന ജീവാമൃതം, ബ്രഹ്മാസ്ത്രം, സമ്പുഷ്ടീകരിച്ച കമ്പോസ്റ്റ്, സമ്പുഷ്ടീകരിച്ച മിശ്രകുമിൾ എന്നിവയാണ് ഇപ്പോൾ ഏനാദിമംഗലത്തെ എഫ്.ഐ.ജി. ഗ്രൂപ്പ് നിർമിച്ചിട്ടുള്ളത്. ഇത് ചൊവ്വാഴ്ച 2.30-ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് കർഷകർക്ക് വിതരണം ചെയ്യും.