കോന്നി: അച്ചൻകോവിലാറ്റിലെ സഞ്ചായത്ത് കടവ് പ്രതാപം നഷ്ടപ്പെട്ട സ്ഥിതിയിലാണ്. കടത്ത് ആശ്രയിച്ച് പോക്കും വരവും നടന്ന സമയത്ത് ആളും ആരവവും കടവിലുണ്ടായിരുന്നു. ഇപ്പോൾ ആറ്റിൽ വെള്ളം കുടുമ്പോൾ വെള്ളത്തിന്റെ ഗതി അറിയാൻ ആരെങ്കിലും കുറച്ചുപേർ എത്തിയാലായി. സർക്കാർ വള്ളങ്ങളും ചങ്ങാടവും സ്വകാര്യവള്ളവുമായിരുന്നു ഇവിടത്തെ ഗതാഗതം നിയന്ത്രിച്ചിരുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ വള്ളങ്ങൾക്ക് ആകാരസൗഷ്ടവവും ഉണ്ടായിരുന്നു. അതിന്റെ വരവും പോക്കും രാജകീയമായിരുന്നു.

വെള്ളം ഉയരുമ്പോൾ നയമ്പും കുറയുമ്പോൾ കഴുക്കോലുമായിരുന്നു ഊന്നൽ സാമഗ്രികൾ. കാളവണ്ടിയും കാറും ജീപ്പും അക്കരെയിക്കരെ കടത്താൻ ചങ്ങാടമായിരുന്നു ഉപയോഗിച്ചിരുന്നത്. നാല് തുഴച്ചിൽക്കാരായിരുന്നു ചങ്ങാടം നിയന്ത്രിച്ചിരുന്നത്. കാലവർഷവും തുലാവർഷവും കനിഞ്ഞ് മഴപെയ്യുമ്പോൾ അച്ചൻകോവിലാറിനു കുറുകെയുള്ള യാത്രയും ഭയാനകമായിരുന്നു. സഞ്ചായത്ത് കടവിലെ വനംവകുപ്പിന്റെ കാവൽപ്പുര അധികാരകേന്ദ്രവുമായിരുന്നു. അച്ചൻകോവിലിൽനിന്ന് ഈറ്റ, മുള, തടികൾ എന്നിവ ആറ്റിലൂടെ ചങ്ങാടംകെട്ടി കുമ്പഴ, ഓമല്ലൂർ, പന്തളം, മാവേലിക്കര, വീയപുരം പ്രദേശങ്ങളിൽ എത്തിക്കുന്നവർ ആറിനെയാണ് ആശ്രയിച്ചിരുന്നത്.

രണ്ട് വനപാലകരായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. കോന്നിയുടെ വടക്കേക്കരയിലുള്ള പയ്യനാമൺ, ഐരവൺ, അട്ടച്ചാക്കൽ പ്രദേശങ്ങളിലേക്ക് പോകുന്നവർക്ക് കടത്ത് ആയിരുന്നു ശരണം. സഞ്ചായത്ത് കടവ് പാലംവന്നതോടെ ഇതിന് അവഗണനയുമായി. ‌‌

കടവുകളുടെ ഇരുകരകളിലുമുള്ള വീട്ടുകാരും അന്ന് അറിയപ്പെടുന്നവർ ആയിരുന്നു. സഞ്ചായത്ത് കടവിനുസമീപം പ്രാവുകൾക്ക്‌ രാപ്പാർക്കാൻ മാളിക വെച്ചുനൽകിയ ഒരു വീട്ടുകാരുമുണ്ട്. മണ്ണിൽകോയിക്കൽ വീട്ടിലെ പരേതനായ ജോണിയുടെ വീട്ടുമുറ്റത്താണ് പ്രാവുകളുടെ മാളിക ഇന്നും നിലനിൽക്കുന്നത്.

പഴയകാല ഒറ്റത്തൂണിൽ നിർമിച്ച പ്രാവിൻകൂട് തേക്കുതടിയിലാണ് പണിതിരിക്കുന്നത്. മഴയും വെയിലും ഏൽക്കാതിരിക്കാൻ ഓടുമേഞ്ഞിട്ടുണ്ട്. പ്രാവുകൾക്ക് ഇഷ്ടംപോലെ പോകാനുംവരാനും തുറന്ന വാതിലുകളുമുണ്ട്. ഇന്നും പ്രാവുകൾക്ക് അന്നംനൽകി സംരക്ഷിക്കുന്ന പതിവാണ് ഇവിടെ. മനുഷ്യർക്ക് താമസിക്കാൻ വീടുകൾ പണിയുമ്പോൾ പക്ഷികൾക്കും കൂടൊരുക്കുക പഴയകാലത്തെ രീതിയായിരുന്നു. സമാധാനത്തിന്റെ പ്രതീകമായ പ്രാവുകൾ വീടിന്റെ മുറ്റത്തുള്ളത് ശാന്തത നൽകുമെന്ന് പഴമക്കാർ പറയുന്നു.