സീതത്തോട് : മഴ തുടങ്ങിയാൽ സമാധാനമായൊന്നുറങ്ങാൻ കഴിയാത്ത സ്ഥിതിയിലാണ് മേലേകോട്ടമൺപാറ വാഴയിൽ സുനിൽകുമാറും കുടുംബവും. വലിയ മലയുടെ അടിവാരത്ത് താമസിക്കുന്ന സുനിലിന്റെ വീടിനോട് ചേർന്നൊഴുകുന്ന തോടാണ് പ്രശ്നം.

തോട്ടിൽ വെള്ളമൊഴുക്ക് ശക്തമാകുന്നതോടെ വെള്ളം വഴിമാറി സുനിൽകുമാറിന്റെ മുറ്റത്തും വീട്ടിലുമെല്ലാം കയറുകയാണ്. ഇവിടെ ഉരുൾപൊട്ടലോ മലവെള്ളപ്പാച്ചിലോ ഉണ്ടായാൽ വീടുപോലും കാണില്ലെന്ന് കുടുംബം പറയുന്നു.

കഴിഞ്ഞ ദിവസം മുറ്റത്തേക്ക് ഒഴുകിയെത്തിയ വെള്ളം തിരിച്ചുവിടാൻ ശ്രമിച്ച സുനിൽകുമാർ കഷ്ടിച്ചാണ് ഒഴുക്കിൽനിന്ന് രക്ഷപ്പെട്ടത്. സമീപത്ത് വീടുകൾപോലുമില്ല. അതാണ് കുടുംബത്തെ കൂടുതൽ ഭയപ്പെടുത്തുന്നത്. പകൽ വലിയ മഴ ഉണ്ടാകുമ്പോൾ കുട്ടികളെയുമെടുത്ത് അയൽവീടുകളിലേക്ക് മാറിയിരിക്കുകയാണെന്ന് സുനിലിന്റെ ഭാര്യ സുമ പറഞ്ഞു.

മലമുകളിൽനിന്ന് ഒഴുകുന്ന തോടിന്റെ ഇരുവശവും കെട്ടിയാൽ വീട്ടിലേക്ക് വെള്ളമൊഴുകിയെത്തുന്നതെങ്കിലും നിർത്താൻ കഴിയുമെന്ന് കുടുംബം പറയുന്നു.

പല തവണ ഇതിനായി അധികൃതരെ സമീപിച്ചെങ്കിലും അനുകൂല നടപടി ഉണ്ടായിട്ടില്ല. ശനിയാഴ്ച സമീപ സ്ഥലമായ കോട്ടമൺപാറയിൽ ഉരുൾപൊട്ടലുണ്ടായതോടെ സുനിലും കുടുംബവും വലിയ ഭീതിയിലാണ്. സുരക്ഷിതസ്ഥാനത്ത് എവിടേക്കെങ്കിലും മാറാമെന്നുവെച്ചാൽ ജീവിതത്തിലെ സാമ്പാദ്യവും കൃഷിയിടവുമെല്ലാം ഇവിടെയാണ്. ഒന്നും ചെയ്യാനാകുന്നില്ല.

തോട് കെട്ടി സംരക്ഷിക്കാനെങ്കിലും നടപടി ഉണ്ടായാൽ ഭീഷണി ഒരുപരിധിവരെ ഒഴിവാകും.